ഓട്ടവ : എയർ കാനഡയിലെയും എയർ കാനഡ റൂജിലെയും ഏകദേശം 10,000 ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ പണിമുടക്കിനൊരുങ്ങുന്നു. കാനഡയിലെ ഏറ്റവും വലിയ എയർലൈനുമായുള്ള അവരുടെ കൂട്ടായ കരാർ മാർച്ച് 31-ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം ഇന്ന് മുതൽ വെള്ളിയാഴ്ച വരെ എയർലൈനുമായി വീണ്ടും കരാർ ചർച്ച ആരംഭിക്കുമെന്ന് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് അറിയിച്ചു. ഇന്ന് മൺട്രിയോളിലും ബുധനാഴ്ച ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിലും വ്യാഴാഴ്ച വൻകൂവറിലും വെള്ളിയാഴ്ച കാൽഗറിയിലും ഇരുപക്ഷവും തമ്മിൽ കരാർ ചർച്ച നടക്കും.

മാർച്ച് 31-ന് നിലവിലെ കരാർ അവസാനിക്കുന്നതിന് മുന്നോടിയായി ഡിസംബറിൽ ഇരുപക്ഷവും തമ്മിൽ ചർച്ച ആരംഭിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച ഉച്ചവരെയുള്ള ചർച്ചയിൽ പുതിയ കരാറിലേക്ക് എത്താൻ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല. വേതന വർധന, ജോലി സാഹചര്യങ്ങളും ഷെഡ്യൂളിങും കരാർ ചർച്ചയിലെ പ്രധാന വിഷയങ്ങളാണെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് പ്രസിഡൻ്റ് വെസ്ലി ലെസോസ്‌കി പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രണ്ട് ശതമാനം വാർഷിക വേതന വർധന മാത്രമാണ് കാനഡയിലെ ഏറ്റവും വലിയ എയർലൈനിൽ ജോലി ചെയ്യുന്ന ഫ്ലൈറ്റ് അറ്റൻഡൻ്റുകൾക്ക് ലഭിച്ചിട്ടുള്ളതെന് അദ്ദേഹം അറിയിച്ചു.