Sunday, August 31, 2025

ഗൂഗിള്‍ പേ യു.പി.ഐ. അധിഷ്ഠിത ഇടപാടുകള്‍ക്കായി ‘ടാപ്പ് ടു പേ’ ഫീച്ചര്‍ അവതരിപ്പിച്ചു

ഗൂഗിളിന്റെ പേമെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ യു.പി.ഐ. അധിഷ്ഠിത ഇടപാടുകള്‍ക്കായി ‘ടാപ്പ് ടു പേ’ ഫീച്ചര്‍ അവതരിപ്പിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ‘കോണ്‍ടാക്ട് ലെസ്’ ഫീച്ചറിന് സമാനമാണ് ഗൂഗിളിന്റെ ടാപ്പ് ടു പേ. പൈന്‍ ലാബുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം ഉപയോക്താക്കള്‍ക്കായി സജ്ജമാക്കിയത്.

ടാപ്പ് ടു പേ പ്രവര്‍ത്തിക്കുന്നതെങ്ങനെ?

പുതിയ സംവിധാനം വഴി പേമെന്റ് പൂര്‍ത്തിയാക്കാന്‍ ഗൂഗിള്‍പേ ഉപയോക്താക്കള്‍ ക്യു.ആര്‍. കോഡുകള്‍ സകാന്‍ ചെയ്യുകയോ, അക്കൗണ്ട്, മൊബൈല്‍ വിവരങ്ങള്‍ നല്‍കുകയോ വേണ്ട. മറിച്ച് പി.ഒ.എസ്. ടെര്‍മിനലുകളിലും മറ്റും ഒന്നു തൊട്ടാല്‍ മതി. ടെര്‍മിനലുകളില്‍ ഫോണ്‍ തൊട്ട ശേഷം കൈമാറേണ്ട തുക നല്‍കി പിന്‍ നമ്പര്‍ നല്‍കുന്നതോടെ ഇടപാട് പൂര്‍ണമാകും. ഇതുവഴി ഉപയോക്താക്കള്‍ക്കു സമയം ലാഭിക്കാന്‍ ആകുമെന്നാണു കമ്പനിയുടെ അവകാശവാദം. പേമെന്റുകള്‍ക്കായുള്ള നീണ്ട ക്യൂവും ഒഴിവാക്കാം.

നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ അഥവാ എന്‍.എഫ്.സി. പ്രാപ്തമായ ഫോണുകളില്‍ മാത്രമാകും ഗൂഗിള്‍പേയുടെ ടാപ്പ് ടു പേ സേവനം ലഭ്യമാകൂ. രാജ്യത്തുടനീളമുള്ള ഏതെങ്കിലും പൈന്‍ ലാബ്‌സ് ആന്‍ഡ്രോയിഡ് പി.ഒ.എസ് ടെര്‍മിനല്‍ ഉപയോഗിച്ച് ഇടപാട് നടത്താം. പുതിയ പേമെന്റ് സംവിധാനത്തിനായി കമ്പനി റിലയന്‍സ് റീട്ടെയിലുമായി ധാരണയായിട്ടുണ്ട്. ഫ്യൂച്ചര്‍ റീട്ടെയില്‍, സ്റ്റാര്‍ബക്‌സ് തുടങ്ങിയ മറ്റ് വലിയ വ്യാപാരികളിലും സേവനം ലഭ്യമാകും.

പുതിയ സംവിധാനം വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ വ്യാപാരികളും ഉപയോക്താക്കളും നേരിടുന്ന പ്രധാന വെല്ലുവിളി പേമെന്റിന് നേരിടുന്ന കാലതാമസമാണ്. ടാപ്പ് ടു പേയിലൂടെ ഈ കാലതാമസം കുറയ്ക്കാനാകുമെന്നും മറ്റു എതിരാളികള്‍ ഗൂഗിളിന്റെ നടപടി ഉടനെ പിന്തുടര്‍ന്നേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

2021 ഡിസംബറില്‍ എകദേശം എട്ടു ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ. വഴി നടന്നത്. പുതിയ സംവിധാനത്തോടെ കാര്‍ഡുകള്‍ പേമെന്റ് കൗണ്ടറുകളിൽ കൈമാറാതെ തന്നെ പേമെന്റ് സാധ്യമാകും. ഇതു ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരും. കാര്‍ഡുകളിലെ എന്‍.എഫ്.സി. സംവിധാനം വിജയിക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു. പുതിയ സംവിധാനത്തോടെ കാര്‍ഡുകള്‍ കൊണ്ടു നടക്കാതെ തന്നെ ഈ സേവനം ഗൂഗിള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ്.

ഇന്നു നിരവധി പെട്രോള്‍ പമ്പുകളില്‍ പൈന്‍ ലാബ്‌സിന്റെ സേവനം ലഭ്യമാണ്. ഇത്തരം കേന്ദ്രങ്ങളിലും ടാപ്പ് ടു പേ സേവനം ലഭ്യമാകുമെന്നാണു വിലയിരുത്തല്‍. പമ്പുകളിലും മറ്റും ഇടപാടുകളില്‍ കൃത്രിമം നടക്കുന്നതായി അടുത്തിടെ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. കേരളത്തിനു പുറത്താണ് ഇത്തരം കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ യാത്രകളിലും മറ്റും സേവനം ഉപയോഗിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!