ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ മുത്തശ്ശിമാരെയും പ്രായമായവരെയും ലക്ഷ്യം വച്ചുള്ള തട്ടിപ്പിൽ മറ്റൊരു അറസ്റ്റ് കൂടി നടന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പോലീസ് അറിയിച്ചു. അജാക്സിലെ മിഷേൽ ജോർദാൻ (19) ആണ് അറസ്റ്റിലായത്. ഈ രീതിയിൽ അറസ്റ്റിലാകുന്ന ഏറ്റവും പുതിയ പ്രതിയാണ് മിഷേൽ. 5,000 ഡോളറിൽ കൂടുതലുള്ള മൂന്ന് വഞ്ചനാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാർച്ചിനുശേഷം, ഈ രീതിയിലുള്ള അഴിമതിയെക്കുറിച്ച് ആരോപിക്കപ്പെടുന്ന 100 ഓളം റിപ്പോർട്ടുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇങ്ങനെ ഏകദേശം 1.1 മില്യൺ ഡോളറിലധികം തുക പറ്റിച്ചെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.
മാർച്ച് 24 ന്, 78 കാരിയായ ഒരു സ്ത്രീയെ അവളുടെ ചെറുമകനായി നടിച്ച് ഒരാൾ ഫോണിൽ ബന്ധപ്പെടുകയും തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുകയാണെന്നും കേസ് തീർക്കണമെങ്കിൽ 5000 ഡോളർ അടക്കണമെന്നും അറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരാളും സംസാരിച്ചുവെന്നും അതിനു ശേഷം ആ സ്ത്രീ തന്റെ ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലെത്തിയ ഒരാളുടെ പക്കൽ കൊടുത്തയച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
കൂടുതൽ ഇരകളുണ്ടെന്ന് ടൊറന്റോ പോലീസ് വിശ്വസിക്കുന്നു, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ള ആളുകൾ 416-808-7300 എന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.