വൈറ്റ് ഹോഴ്സ് : യുഎസ് ഭരണകൂടവുമായി സിഇഒ ഇലോൺ മസ്കിനുള്ള ബന്ധവും കാനഡയുമായുള്ള വ്യാപാരയുദ്ധവും കാരണം ടെറിട്ടറിയുടെ ഗുഡ് എനർജി പ്രോഗ്രാമിൽ നിന്ന് ടെസ്‌ലയെ ഒഴിവാക്കി യൂകോൺ സർക്കാർ. ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുന്നത് തുടരുകയും അവരുടെ ഭാവിയെക്കുറിച്ച് യൂകോൺ നിവാസികളെ അസ്വസ്ഥരാക്കുകയും ചെയ്യുന്ന യുഎസ് ചുമത്തിയ ഏറ്റവും പുതിയ താരിഫുകൾക്ക് മറുപടിയാണ് ഈ നീക്കമെന്ന് പ്രീമിയർ രഞ്ജ് പിള്ള പറഞ്ഞു. ട്രംപ് ഭരണകൂടം ചുമത്തുന്ന താരിഫുകൾ വ്യാപാര കരാറുകൾ ലംഘിക്കുന്നതും കാനഡയും അമേരിക്കയും തമ്മിലുള്ള തലമുറകൾ നീണ്ടുനിൽക്കുന്ന പങ്കാളിത്തത്തിന് ഭീഷണിയാണെന്നും രഞ്ജ് പിള്ള അറിയിച്ചു.

മസ്കിൻ്റെ സ്റ്റാർലിങ്ക് കമ്പനിയുടെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് അക്കൗണ്ടുകൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്നും അനിവാര്യമല്ലാത്ത അക്കൗണ്ടുകൾ റദ്ദാക്കുമെന്നും പ്രീമിയർ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ മസ്കിൻ്റെ എക്‌സ്എഐ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനി മുഖേനയുള്ള സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൻ്റെ അക്കൗണ്ടും യൂകോൺ സർക്കാർ അവസാനിപ്പിക്കും, രഞ്ജ് പിള്ള വ്യക്തമാക്കി. ഈ വർഷമാദ്യം യൂകോൺ സർക്കാർ നടത്തുന്ന മദ്യശാലകളിൽ യുഎസ് മദ്യ ഉൽപന്നങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുകയും ഗവൺമെൻ്റിൻ്റെ മൊത്ത മദ്യ വിതരണക്കാരൻ ഭാവിയിൽ നടത്തുന്ന എല്ലാ വാങ്ങലുകളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു.