ന്യൂയോർക്ക് : അഞ്ചാംപനി പടർന്നു പിടിക്കുന്ന കാനഡയിലെ ഒൻ്റാരിയോയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത്. പ്രവിശ്യ സന്ദർശിക്കുന്നതിന് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിലവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെയും കാനഡയുടെയും ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഒൻ്റാരിയോയിലും, ലോകമെമ്പാടും അഞ്ചാംപനി പടർന്നുപിടിക്കുന്നുണ്ടെന്നും അതിനാൽ വിനോദസഞ്ചാരികൾ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ ഏജൻസി പറയുന്നു. ഇന്ത്യ, തായ്‌ലൻഡ്, പാകിസ്ഥാൻ, യെമൻ, എത്യോപ്യ എന്നിവയുൾപ്പെടെ മറ്റ് പല രാജ്യങ്ങളിലും അടുത്തിടെ അഞ്ചാംപനി കേസുകളിൽ വർധന ഉണ്ടായിട്ടുണ്ടെന്നും ന്യൂയോർക്ക് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

നിലവിൽ ഒൻ്റാരിയോയിൽ അഞ്ചാംപനി പടരുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും പ്രവിശ്യയിൽ ഇതുവരെ 661 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം വാക്സിനേഷൻ എടുക്കാത്ത കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന കേസുകളുടെ വർധന വേനൽക്കാലത്ത് വ്യാപകമാകുമെന്ന് ഒൻ്റാരിയോയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. കീരൻ മൂർ മുന്നറിയിപ്പ് നൽകുന്നു.