ഓട്ടവ : തുടർച്ചയായി ആറാം മാസവും കാനഡയിലെ ശരാശരി വാടകനിരക്ക് കുറഞ്ഞതായി Rentals.ca, Urbanation റിപ്പോർട്ട്. 2024 മാർച്ചിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ദേശീയ ശരാശരി വാടക 2.8% കുറഞ്ഞ് 2,119 ഡോളറായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മാസാടിസ്ഥാനത്തിൽ, ഫെബ്രുവരിയിൽ നിന്ന് മാർച്ചിലെ വാടകയിൽ 1.5% വർധനയുണ്ടായി, കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ആദ്യ വർധനയാണിത്. അതേസമയം അഞ്ച് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 17.8% കൂടുതലാണ് കാനഡയിലെ ശരാശരി വാടക ഇപ്പോഴും ഉള്ളതെന്നും റിപ്പോർട്ട് പറയുന്നു.

അപ്പാർട്ട്‌മെൻ്റ് വാടക ഒരു വർഷം മുമ്പുള്ളതിനേക്കാൾ 1.5% കുറഞ്ഞ് 2,086 ഡോളറായി. വാടക നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് ഉണ്ടായിട്ടുള്ളത് ഒൻ്റാരിയോയിലാണെന്ന് Rentals.ca, Urbanation റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒൻ്റാരിയോയിൽ അപ്പാർട്ട്മെൻ്റ് വാടക മാർച്ചിൽ 3.5% ഇടിഞ്ഞ് ശരാശരി 2,327 ഡോളറായി. കെബെക്കിൽ ഇത് 2.5% കുറഞ്ഞ് 1,949 ഡോളറുമായതായി റിപ്പോർട്ടിൽ പറയുന്നു.