ഓട്ടവ : ഫോർക്ക് സ്റ്റം തകരാറിനെ തുടർന്ന് കാനഡയിൽ ഇ-സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 2023 സെഗ്‌വേ P100SU ആണ് തിരിച്ചുവിളിച്ചത്. കാനഡയിലുടനീളം 300 സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഈ ഇലക്ട്രിക് കിക്ക് സ്‌കൂട്ടറുകളിൽ, ഫ്രണ്ട് ഫോർക്കിനുള്ളിലെ ഫോർക്ക് സ്റ്റമിന് തകരാർ ഉണ്ടെന്നും ഇത് കാരണം സ്കൂട്ടറുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും വീണ് പരുക്കേൽക്കാൻ സാധ്യത ഉണ്ടെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. നിയന്ത്രണം നഷ്ടപ്പെടുന്നത് അപകടത്തിലേക്ക് നയിക്കും. ഫോർക്ക് സ്റ്റം റിപ്പയർ ചെയ്യുന്നത് വരെ സ്‌കൂട്ടർ ഉപയോഗിക്കരുതെന്ന് സെഗ്‌വേ ഉടമകൾക്ക് നിർദ്ദേശം നൽകി. റിപ്പയറിനായി സ്കൂട്ടർ ഷോറൂമിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ രജിസ്റ്റർ ചെയ്ത ഉടമകളെ കമ്പനി ഇമെയിൽ വഴി അറിയിക്കും. റിപ്പയർ നടത്തുന്നതിനായി വാഹനഉടമകൾക്ക് പ്രീ-പെയ്ഡ് ഷിപ്പിങ് ലേബൽ നൽകുമെന്നും കമ്പനി അറിയിച്ചു.