വാഷിംഗ്ടൺ : യുഎസിലെ മുട്ട ഉപഭോക്താക്കൾക്ക് ഉടനടി ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ല. മൊത്തവിലയിൽ ഇടിവുണ്ടായിട്ടും രാജ്യത്ത് മുട്ടവില കുതിച്ചുയരുന്നതായി റിപ്പോർട്ട്. യുഎസിലെ മുട്ട വില വീണ്ടും വർധിച്ച് 6.23 ഡോളറിലെത്തി. ഈസ്റ്റർ അടുക്കുന്നതോടെ മുട്ടവില വീണ്ടും കുതിച്ചുയരുമെന്ന ഭീതിയിലാണ് ജനങ്ങൾ. മാർച്ചിൽ മുട്ടയുടെ മൊത്തവില കുറഞ്ഞതോടെ ചില്ലറ വിൽപന വില ഇടിവ് ഉണ്ടാകുമെന്ന് വ്യവസായ വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു.

പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതോടെ, രോഗം പടരാതിരിക്കാൻ മൂന്ന് കോടിയോളം മുട്ടയിടുന്ന കോഴികളെ കൊന്നതിനെത്തുടർന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യുഎസ് മുട്ടവിലക്കയറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു. പക്ഷിപ്പനി പടർന്നു പിടിച്ച ചില ഫാമുകൾ ശുചീകരിച്ച് മുട്ട ഉത്പാദനം വീണ്ടും ആരംഭിച്ചത് വില കുറയാൻ കാരണമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വൈറസിനെതിരായ മുട്ട കർഷകരുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പക്ഷിപ്പനിക്കെതിരെ പോരാടാനുള്ള സർക്കാരിൻ്റെ പദ്ധതി ദീർഘകാല സഹായമാകുമെന്ന് വിദഗ്ധർ പറയുന്നു.