ജറുസലേം : ഗാസ യുദ്ധത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ലിബറൽ ലീഡർ മാർക്ക് കാർണിയെ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനിൽ നടക്കുന്ന വംശഹത്യയെ തുടർന്നാണ് കാനഡ ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തിയതെന്ന് കാർണി പറഞ്ഞിരുന്നു. ഏപ്രിൽ 8 ചൊവ്വാഴ്‌ച കാൽഗറിയിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കാർണിയുടെ വിവാദ പരാമർശം.

അതേസമയം ലിബറൽ ലീഡർ തൻ്റെ വിവാദ പരാമർശത്തിൽ നിന്നുമാണ് പിന്മാറണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസിൻ്റെ ക്രൂരന്മാർക്കെതിരെ നീതിയുക്തമായ യുദ്ധം ചെയ്യുന്ന ജനാധിപത്യ രാജ്യമായ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനുപകരം, കാർണി ജൂത രാഷ്ട്രത്തെ ആക്രമിക്കുന്നു, അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി. 2023 ഒക്‌ടോബർ 7-ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പുകൾ തെക്കൻ ഇസ്രയേലിൽ ആയിരത്തി ഇരുന്നൂറിലധികം ആളുകളെ കൊല്ലുകയും നൂറുകണക്കിന് പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഗാസയിലെ ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചത്.