ഓട്ടവ : പണപ്പെരുപ്പം ഞെരുക്കുന്ന കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി ഇന്ന് (ഏപ്രിൽ 17) കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) പേയ്‌മെൻ്റ് അക്കൗണ്ടിലേക്ക് എത്തും. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള, അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,787 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,570 ഡോളർ ആയിരിക്കും ലഭിക്കുക.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചുകൊണ്ട്, ശക്തമായ പിന്തുണ നൽകുന്നതിനാണ് സിസിബി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടിയുടെ പ്രായം, രക്ഷിതാവിൻ്റെ റസിഡൻസി സ്റ്റാറ്റസ്, കുടുംബത്തിൻ്റെ വരുമാനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിസിബിയുടെ യോഗ്യത നിർണ്ണയിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാനഡ ചൈൽഡ് ബെനിഫിറ്റ് ലഭിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്ന മാസം വരെ പേയ്‌മെൻ്റുകൾ ലഭിക്കുന്നത് തുടരും.