Thursday, October 16, 2025

അനധികൃത കുടിയേറ്റം: കെബെക്കിൽ മൂന്ന് പേർ അറസ്റ്റിൽ, മൂന്ന് പേരെ തിരയുന്നു

മൺട്രിയോൾ : യുഎസിൽ നിന്നും കെബെക്കിലെ മോണ്ടെറിജി മേഖലയിലേക്ക് അനധികൃതമായി കടന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നതായി ആർസിഎംപി അറിയിച്ചു.

ബുധനാഴ്ച അർദ്ധരാത്രിയോടെ, ട്രൗട്ട് റിവർ സെക്ടറിൽ നിന്നും കാനഡയിലേക്ക് കടന്ന രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും കണ്ടെത്തിയതായി പൊലീസ് പറയുന്നു. യു എസ് അതിർത്തിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ കെബെക്കിലെ ഗോഡ്മാഞ്ചസ്റ്ററിന് സമീപമാണ് ഇവരെ കണ്ടെത്തിയത്. മൂവരെയും കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (സിബിഎസ്എ) കസ്റ്റഡിയിൽ വിട്ടു. മറ്റ് മൂന്ന് പേർ കൂടി ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നതായി വിവരം ലഭിച്ചതായി ആർസിഎംപി വക്താവ് മാർട്ടിന പില്ലറോവ റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്ന ഇവരെ കണ്ടെത്താൻ ഹെലികോപ്റ്ററിന്‍റെയും പൊലീസ് ഡോഗ് സ്ക്വാഡിന്‍റെയും സഹായത്തോടെ തിരച്ചിൽ നടത്തുന്നുണ്ടെന്നും മാർട്ടിന പില്ലറോവ അറിയിച്ചു.

അഫ്ഗാനിസ്ഥാൻ, കാമറൂൺ, ഹെയ്തി, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടി കാരണം യുഎസിൽ നിന്ന് കെബെക്കിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ അടുത്തിടെ വർധനയുണ്ടായിട്ടുണ്ട്. മാർച്ചിൽ യുഎസിൽ നിന്നുള്ള 1,356 അഭയാർത്ഥികൾ കെബെക്കിലെ Saint-Bernard-de-Lacolle ഔദ്യോഗിക പോർട്ട് ഓഫ് എൻട്രിയിൽ എത്തിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി അറിയിച്ചു. 2024 മാർച്ചിനെ അപേക്ഷിച്ച് 534 ആളുകളുടെ വർധനയാണിത്. ഈ മാസം ഇതുവരെ (ഏപ്രിൽ 13 വരെ) എത്തിയവരുടെ എണ്ണം 1,411 ആയി ഉയർന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!