വൻകൂവർ : അനധികൃത മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരനെ അഞ്ച് മാസം തടവിന് ശിക്ഷിച്ച് സിയാറ്റിൽ യുഎസ് ഡിസ്ട്രിക്റ്റ് കോടതി. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ നിന്നും യുഎസിലേക്ക് അനധികൃതമായി എട്ട് ഇന്ത്യൻ പൗരന്മാരെ കടത്താൻ സഹായിച്ച ഇന്ത്യക്കാരനായ രജത് (27) നെയാണ് ശിക്ഷിച്ചത്. 2023 അവസാനത്തോടെ പീസ് ആർച്ച് ബോർഡർ ക്രോസിങ്ങിൽ നടന്ന രണ്ട് മനുഷ്യക്കടത്ത് കേസുകളുമായി രജത് ബന്ധപ്പെട്ടിരുന്നതായി സിയാറ്റിൽ യുഎസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

2023 നവംബർ 27-ന് പീസ് ആർച്ച് ക്രോസിങ്ങിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയുള്ള ബ്ലെയ്‌നിലെ ബൗണ്ടറി വില്ലേജ് അപ്പാർട്ട്‌മെൻ്റിന് സമീപം അഞ്ച് പേർ വേലി ചാടുന്നതും തുടർന്ന് വെളുത്ത മിനിവാനിൽ കയറുന്നതും നിരീക്ഷണ വിഡിയോയിൽ കണ്ടെത്തിയതായി അധികൃതർ പറയുന്നു. യുഎസ് അതിർത്തി ഉദ്യോഗസ്ഥർ വാൻ തടഞ്ഞുനിർത്തി അഞ്ച് ഇന്ത്യൻ പൗരന്മാരെയും കാലിഫോർണിയ സ്വദേശി വാഹനഡ്രൈവർ ബോബി ജോ ഗ്രീൻ (68) എന്നിവരെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിർത്തി കടക്കാൻ രജത് സഹായിച്ചതായി മൂന്ന് ഇന്ത്യൻ പൗരന്മാർ മൊഴി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇവരിൽ നിന്നും രജത് പണം ഈടാക്കുകയും അവരെ അതിർത്തിയിൽ നിന്ന് കൊണ്ടുപോകാൻ മിനിവാൻ ഡ്രൈവർക്ക് പണം നൽകുകയും ചെയ്തതായി അധികൃതർ വെളിപ്പെടുത്തി.
അടുത്ത മാസം മൂന്ന് ഇന്ത്യൻ പൗരന്മാരെ കൂടി പീസ് ആർച്ച് പാർക്കിലൂടെ അതിർത്തി കടത്താൻ രജത് ശ്രമിച്ചു. ഇവരോടും അതിർത്തി കടന്ന് അമേരിക്കൻ ഭാഗത്ത് കാത്തുനിൽക്കുന്ന കാറിൽ കയറാൻ നിർദ്ദേശിച്ചതായി യുഎസ് അറ്റോർണി ഓഫീസ് പറയുന്നു. യുഎസ് അതിർത്തി ഉദ്യോഗസ്ഥർ കാർ തടഞ്ഞുനിർത്തി തിരച്ചിൽ നടത്തുകയും അനധികൃത കുടിയേറ്റക്കാരെ പിടികൂടുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ അതിർത്തിക്ക് സമീപത്ത് നിന്നും രജതിനെ അറസ്റ്റ് ചെയ്തു. കാലിഫോർണിയയിൽ താമസിച്ചിരുന്ന രജതിനെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് അറ്റോർണി ഓഫീസ് അറിയിച്ചു.

കള്ളക്കടത്ത് ഓപ്പറേഷനിലെ സഹ ഗൂഢാലോചനക്കാരനായ സുശീൽ കുമാറിനെ (36) മാർച്ചിൽ ആറ് മാസത്തെ തടവിനും മിനിവാൻ ഡ്രൈവറായ ബോബി ജോ ഗ്രീനിനെ നാല് മാസത്തെ തടവിനും ശിക്ഷിച്ചിരുന്നു. നാലാംപ്രതി സ്റ്റുഡൻ്റ് വീസയിൽ അമേരിക്കയിലുള്ള 20 വയസ്സുള്ള ഇന്ത്യൻ യുവതിയുടെ വിചാരണ അടുത്ത വർഷം ആദ്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.