ടൊറൻ്റോ : ഗാർഡിനർ എക്സ്പ്രസ് വേ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ഒൻ്റാരിയോ സർക്കാർ. എക്‌സ്‌പ്രസ് വേയിലെ റോഡുകൾ ആദ്യം ആസൂത്രണം ചെയ്തതിനേക്കാൾ മുന്നേ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയ അറിയിച്ചു. 2027 ഏപ്രിലിൽ പണി പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ 15 മാസം മുന്നേ ഗാർഡിനർ എക്‌സ്‌പ്രസ്‌വേയിലെ എല്ലാ റോഡുകൾ വീണ്ടും തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഏഴ് കോടി മുപ്പത് ലക്ഷം ഡോളർ അധികമായി നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

ഡഫറിൻ സ്ട്രീറ്റിനും സ്ട്രാച്ചൻ അവന്യൂവിനും ഇടയിലുള്ള എക്‌സ്പ്രസ് വേയുടെ രണ്ട് സതേൺ, രണ്ട് സെൻട്രൽ റോഡുകളുടെ നിർമ്മാണ ജോലികൾ ഇതിനകം പൂർത്തിയാക്കിയതായി പ്രവിശ്യ പറയുന്നു, അവസാന നോർത്തേൺ പാതകളുടെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഗാർഡിനർ എക്‌സ്‌പ്രസ്‌വേ നിർമ്മാണം 2026 മെയ് മുതൽ ജൂലൈ വരെ നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആറ് ഘട്ടങ്ങളായി നടക്കുന്ന ഗാർഡിനർ പുനരധിവാസ പദ്ധതി 2014-നും 2016-നും ഇടയിൽ ടൊറൻ്റോ സിറ്റി കൗൺസിൽ അംഗീകരിച്ചു.
