ഹാലിഫാക്സ് : യുഎസ് മിഡ്‌വെസ്റ്റിൽ ആരംഭിക്കുന്ന ന്യൂനമർദ്ദത്തെ തുടർന്ന് മാരിടൈംസിലുടനീളം വാരാന്ത്യത്തിൽ കനത്ത മഴയും കാറ്റും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. ശനിയാഴ്ച രാത്രി ആരംഭിക്കുന്ന മഴ ഞായറാഴ്ച രാവിലെ ശക്തി പ്രാപിക്കും. നോവസ്കോഷയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച വൈകുന്നേരവും രാത്രിയും മഴ ശക്തമാകും. ന്യൂബ്രൺസ്വിക്കിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞും വൈകുന്നേരം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നോവസ്കോഷയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചവരെ സ്ഥിരമായ മഴ തുടരും. മാരിടൈംസിൻ്റെ ബാക്കി ഭാഗങ്ങളിൽ ഞായറാഴ്ച മഴയും ചാറ്റൽമഴയും പ്രതീക്ഷിക്കാം. മാരിടൈംസിലുടനീളം പൊതുവെ 15 മുതൽ 40 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ചില പ്രദേശങ്ങളിൽ 40 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇത് പ്രാദേശിക വെള്ളപ്പൊക്കത്തിനും കാരണമാകും.

നോവസ്കോഷയുടെ അറ്റ്‌ലാൻ്റിക് തീരപ്രദേശത്തും ന്യൂബ്രൺസ്വിക്കിലെ ബേ ഓഫ് ഫണ്ടി തീരപ്രദേശത്തും ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മേഖലയിൽ മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ആയിരിക്കും കാറ്റ് വീശുക. എന്നാൽ, കെയ്പ് ബ്രെറ്റണിലെ ഇൻവർനെസ് കൗണ്ടി പ്രദേശത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കും.