ഡൽഹി: ഇറാഖിലെ കർബല റിഫൈനറി പദ്ധതിയിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കം അയ്യായിരം ഇന്ത്യക്കാർ പ്രതിസന്ധിയിൽ. കമ്പനി തൊഴിൽ വിസ പുതുക്കാത്തതിനാൽ മടങ്ങുന്നവരുടെ പാസ്പോർട്ടിൽ പതിക്കുന്നത് നാടുകടത്തൽ സ്റ്റാംപ്. തുടർജോലി സാധ്യതകൾ അടയുന്ന സാഹചര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
2014 ൽ തുടങ്ങിയ കർബല റിഫൈനറി പദ്ധതിയുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയാകാനിരിക്കെയാണ് തൊഴിലാളികൾ പ്രതിസന്ധിയിലായത്. ഇറാഖ് സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല ഹ്യൂണ്ടയ് ഉൾപ്പെടെ മൂന്ന് കൊറിയൻ കമ്പനികൾക്കാണ്. തൊഴിൽ വിസയിൽ കമ്പനി ഇവിടെ എത്തിച്ചവരുടെ കാലാവധി രണ്ട് വർഷം മുൻപ് തീർന്നു. എന്നാൽ ഇത് കമ്പനി പുതുക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതോടെ നാട്ടിലേക്ക് മടങ്ങിയവരുടെ പാസ്പോർട്ടിൽ ഇറാഖ് സർക്കാർ പതിച്ചത് നാടുകടത്തൽ സ്റ്റാംപാണ്.
ഇങ്ങനെ സ്റ്റാംപ് പതിക്കുന്നതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകളും അടയുകയാണ്. വിഷയം കമ്പനിയുടെ മുന്നിൽ അവതരിപ്പിച്ചെങ്കിലും വിസ പുതുക്കാൻ നടപടിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടെൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രാലയത്തിനും തൊഴിലാളികൾ പരാതി അയച്ചു. പരാതി പരിശോധിക്കുകയാണെന്നും ഇടപെടലുണ്ടാകുമെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വിസ പുതുക്കുന്നതിനുള്ള നടപടികൾ വൈകിയതെന്നാണ് കമ്പനിയുടെ വിശദീകരണം.