എഡ്മിന്റൻ : നഗരത്തിലുടനീളം നടന്ന അത്യാഢംബര വാഹനമോഷണ കേസിൽ മൂന്ന് മൺട്രിയോൾ നിവാസികളെ അറസ്റ്റ് ചെയ്തതായി എഡ്മിന്റൻ പൊലീസ് സർവീസ്. 2025-ൽ എഡ്മിന്റനിൽ നിന്നും ഇരുപതിലധികം ലെക്സസ്, ടൊയോട്ട ട്രക്കുകളും എസ്യുവികളും മോഷ്ടിക്കപ്പെട്ടതായി പൊലീസ് പറയുന്നു. ഇതിൽ അഞ്ച് വാഹനങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വാഹനങ്ങൾ മോഷ്ടിച്ച് വിദേശത്തേക്ക് കടത്താൻ മോഷ്ടാക്കൾ അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഏപ്രിൽ 16-ന്, മോഷ്ടിച്ച ലെക്സസ് പടിഞ്ഞാറൻ എഡ്മിന്റനിലെ സ്റ്റോറേജ് ലോക്കറിലേക്ക് മാറ്റുന്നതിനിടെയാണ് മോഷ്ടാക്കൾ അറസ്റ്റിലായത്.

പുതിയ ലെക്സസ്, ടൊയോട്ട എസ്യുവികളുടെയും പുതിയ ടൊയോട്ട ട്രക്കുകളുടെയും ഉടമകൾ തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമാക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നു ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഇതിനായി ആഫ്റ്റർ മാർക്കറ്റ് ഇഗ്നിഷൻ കിൽ സ്വിച്ച്, സ്റ്റിയറിങ് വീൽ ക്ലബ് എന്നിവ ഉപയോഗിക്കണമെന്നും അധികൃതർ ശുപാർശ ചെയ്യുന്നു.