ദോഹ : ഖത്തർ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് ഇന്നലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ പൂർത്തിയായപ്പോൾ ഏതെല്ലാം ടീമുകൾ ആരെയൊക്കെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടി വരുമെന്നതിന്റെ ചിത്രം പൂർണമായി തെളിഞ്ഞു വന്നിട്ടുണ്ട്. കിരീടസാധ്യത കൽപ്പിക്കുന്ന ടീമുകൾക്ക് വലിയ ഭീഷണി ഗ്രൂപ്പ് ഘട്ടത്തിൽ ഇല്ലെന്നിരിക്കെ പ്രീ ക്വാർട്ടർ മുതലാകും ടൂർണമെന്റ് കൂടുതൽ ആവേശകരമാവുക.
അടുത്തടുത്ത ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലാണ് പ്രീ ക്വാർട്ടർ മത്സരം നടക്കുക എന്നിരിക്കെ ഗ്രൂപ്പ് ജിയിലുള്ള ബ്രസീലും ഗ്രൂപ്പ് എച്ചിലുള്ള പോർച്ചുഗലും ഖത്തർ ലോകകപ്പിന്റെ റൌണ്ട് ഓഫ് 16ൽ പരസ്‌പരം ഏറ്റുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങിനെ സംഭവിച്ചാൽ അത് ഒരേ സമയം ആരാധകർക്ക് ആവേശവും അതെ സമയം മാനസികസമ്മർദ്ദവുണ്ടാക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പമുള്ള ബ്രസീൽ ഒന്നാം സ്ഥാനത്തു വരികയും ഗ്രൂപ്പ് എച്ചിൽ ഘാന, യുറുഗ്വായ്, സൗത്ത് കൊറിയ എന്നിവർക്കൊപ്പമുള്ള പോർച്ചുഗൽ രണ്ടാം സ്ഥാനത്തേക്കു വീഴുകയും ചെയ്‌താലാണ് പ്രീ ക്വാർട്ടറിൽ ബ്രസീൽ- പോർച്ചുഗൽ മത്സരം നടക്കുക. അതുപോലെ പോർച്ചുഗൽ അവരുടെ ഗ്രൂപ്പിൽ ഒന്നാമതായി ബ്രസീൽ സ്വന്തം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് വീണാലും പ്രീ ക്വാർട്ടറിൽ രണ്ടു പേരും തമ്മിൽ കൊമ്പു കോർക്കും.
രണ്ടു ടീമുകളും പരസ്‌പരം പോരാടുന്നത് ഒഴിവാക്കാൻ ശ്രമിക്കും എന്നിരിക്കെ ഗ്രൂപ്പിൽ ഒന്നാമതായി വരാൻ തന്നെയാവും ശ്രമിക്കുക. ബ്രസീലിനെ സംബന്ധിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം വലിയ ഭീഷണിയായേക്കില്ല. എന്നാൽ യുറുഗ്വായ് ഗ്രൂപ്പിൽ ഉള്ളതിനാലും അവർ മികച്ച ഫോമിൽ കളിക്കുന്നതിനാലും സ്വന്തം ഗ്രൂപ്പിൽ ഒന്നാമതു വരാൻ പ്ലേ ഓഫ് കളിച്ച് ലോകകപ്പിനെത്തിയ പോർച്ചുഗൽ ഏറ്റവും മികച്ച പോരാട്ടം നടത്തേണ്ടി വരും.
ആരാധകരെ സംബന്ധിച്ചും പ്രീ ക്വാർട്ടറിൽ ഈ രണ്ടു ടീമുകൾ തമ്മിൽ പോരാടരുതെന്നാവും. അങ്ങിനെ സംഭവിച്ചാൽ നെയ്‌മർ അടക്കമുള്ള താരനിരയുള്ള ബ്രസീലോ, റൊണാൾഡോ കളിക്കുന്ന പോർച്ചുഗൽ ടീമോ നേരത്തെ തന്നെ പുറത്തു പോകേണ്ടി വരുന്നത് കാണേണ്ടി വരും. ഈ രണ്ടു ടീമിന്റെയും ആരാധകർ തമ്മിലുള്ള അന്തർധാര സജീവമാണെന്നു പറഞ്ഞ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുന്നുണ്ട്.