എഡ്മിന്‍റൻ : കാനഡയിൽ നിന്ന് വേർപിരിയുന്നത് എളുപ്പമാക്കുന്ന ബിൽ അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. കാനഡയിൽ വീണ്ടും ലിബറൽ പാർട്ടി അധികാരത്തിലെത്തി ഒരു ദിവസത്തിനുശേഷമാണ് കാനഡയിൽ നിന്ന് വേർപിരിയുന്നത് ഉൾപ്പെടെ ഒരു റഫറണ്ടം ആരംഭിക്കുന്നത് എളുപ്പമാക്കുന്ന ബിൽ അവതരിപ്പിച്ചത്. യുസിപിയുടെ ഭൂരിപക്ഷത്തോടെ, ബിൽ 54 പാസാകുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ ബിൽ പ്രാബല്യത്തിൽ വന്നേക്കാം.

ഫലം എന്തുതന്നെയായാലും പ്രവിശ്യാ സർക്കാർ ബിൽ അവതരിപ്പിക്കുകയാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആൽബർട്ടയിലെ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ നിരവധി മാറ്റങ്ങളാണ് ബിൽ 54 നിർദ്ദേശിക്കുന്നത്. ഒരു റഫറണ്ടത്തിന് തുടക്കമിടുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലും പുതിയ ബിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു. ഇതോടെ കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരിൽ പത്ത് ശതമാനം പേരുടെ ഒപ്പ് ലഭിച്ചാൽ റഫറണ്ടത്തിനു തുടക്കമിടാം. നേരത്തെ ഒരു റഫറണ്ടം തുടങ്ങണമെങ്കിൽ ആകെ വോട്ടർമാരുടെ 20% പേരുടെ ഒപ്പ് ആവശ്യമായിരുന്നു. കൂടാതെ ഒപ്പുശേഖരണത്തിനുള്ള പരിധി 90 ദിവസത്തിൽ നിന്നും 120 ദിവസമായി ദീർഘിപ്പിച്ചു.

പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത്. എന്നാൽ, മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി വിജയിച്ചത്തിന് ശേഷം താൻ ഒരു വിഘടനവാദിയല്ലെന്നാണ് പ്രീമിയർ പറയുന്നത്. ഐക്യ കാനഡയ്ക്കുള്ളിലെ ആൽബർട്ട പരമാധികാരത്തിൽ താൻ വിശ്വസിക്കുന്നതായി ഡാനിയേൽ സ്മിത്ത് പറയുന്നു. അതേസമയം റഫറണ്ടത്തിനുള്ള നീക്കങ്ങളെ വിമർശിച്ച് എൻഡിപി അടക്കമുള്ള പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫെഡറൽ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ഒരു സർവേയിൽ, ലിബറൽ പാർട്ടി വീണ്ടും അധികാരത്തിൽ എത്തിയാൽ കാനഡയിൽ നിന്ന് വേർപിരിയാൻ ആഗ്രഹിക്കുന്നുവെന്ന് 30% ആൽബർട്ട നിവാസികൾ പ്രതികരിച്ചിരുന്നു.