ദില്ലി: ദില്ലിയിലെ അമേരിക്കന്‍ എംബസിക്ക് (US embassy) പുറത്തെ ബോര്‍ഡില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
എംബസിക്ക് പുറത്തുള്ള സൈന്‍ബോര്‍ഡിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള (Joe Biden) പോസ്റ്ററാണ് പതിച്ചത്. ഒരാളെ അറസ്റ്റ് ചെയ്യുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ദില്ലി പോലീസ് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഹിന്ദുസേന (Hindu Sena) ഏറ്റെടുത്തു.
“വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി അറിയുന്നത്. പവന് കുമാര്‍ എന്നയാളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയും ഇയാളും ചേര്‍ന്നാണ് യുഎസ് എംബസിക്ക് സമീപം എത്തിയത്. ഗുപ്തയുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. പോസ്റ്റര്‍ ഒട്ടിച്ചത് ഗുപ്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു” – ദില്ലി ഡിസിപി അമൃത ഗുഗുലോത്ത് പറഞ്ഞു.പൊതുവസ്തുക്കള്‍ നശിപ്പിക്കുന്നത് തടയുന്ന നിയമം 2007 അടക്കം ഐപിസി വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.
അതേ സമയം ഹിന്ദുസേന പതിച്ച പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ് – “ബൈഡന് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തുക. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. ചൈനയ്ക്കെതിരെ അമേരിക്കയ്ക്ക് ഇന്ത്യ ആവശ്യമാണ്. ഞങ്ങളുടെ എല്ലാ അച്ചടക്കവും ധീരവുമായ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. ജയ് ജവാന്. ജയ് ഭാരത്”.മാര്‍ച്ച് 30-31 തീയതികളില്‍ യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഇന്ത്യ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് എംബസിക്ക് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
സംഭവത്തില്‍ പ്രതികരിച്ച ഹിന്ദുസേന ദേശീയ പ്രസിഡന്റ് ഗുപ്ത, അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് നിരന്തരം ഇന്ത്യയെ അധിക്ഷേപിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു പോസ്റ്റര്‍ പതിച്ചതെന്ന് പ്രസ്താവിച്ചു. റഷ്യ യുക്രൈന് വിഷയത്തിലും, യുഎസ് സാമ്പത്തികരംഗത്തും ബൈഡന് സര്‍ക്കാര്‍ പരാജയമാണെന്ന് ഹിന്ദുസേന നേതാവ് ആരോപിച്ചു.