ലയണൽ മെസിയെ ബാഴ്‌സലോണയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള പദ്ധതി തങ്ങൾക്കില്ലെന്ന മുൻ നിലപാടു മാറ്റി ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട. ബാഴ്‌സലോണയുടെ വാതിലുകൾ മെസിക്കു മുന്നിൽ എല്ലായിപ്പോഴും തുറന്നു കിടക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് മെസിയെ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതി തങ്ങൾക്കില്ലെന്ന് ലപോർട്ട പറഞ്ഞത്. ബാഴ്‌സലോണ യുവതാരങ്ങളെയും പരിചയസമ്പത്തുള്ള താരങ്ങളെയും കോർത്തിണക്കി പുതിയൊരു ടീമിനെ സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം പക്ഷെ കഴിഞ്ഞ ദിവസം മറ്റൊരു നിലപാടാണ് വ്യക്തമാക്കിയത്.
“ബാഴ്‌സലോണയുടെ വാതിലുകൾ എല്ലായിപ്പോഴും മെസിക്കു മുന്നിൽ തുറന്നു കിടക്കും. ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് താരത്തിന് എന്നോട് സംസാരിക്കണമെങ്കിൽ ഞാനതിൽ സന്തോഷവാനാണ്.” ലപോർട്ട പറഞ്ഞു.
ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ ലയണൽ മെസിയുടെ ആദ്യത്തെ സീസൺ അത്ര മികച്ചതല്ല. ഈ സീസണിൽ ആകെ രണ്ടു ലീഗ് ഗോളുകൾ മാത്രം താരം നേടിയപ്പോൾ പിഎസ്‌ജിക്ക് ആകെ പ്രതീക്ഷയുള്ളത് ലീഗ് കിരീടത്തിൽ മാത്രമാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താവൽ മെസിക്കെതിരെ വിമർശനം ശക്തമാകാനും കാരണമായിരുന്നു.
അതേസമയം സാവിയുടെ കീഴിൽ പുതിയൊരു കുതിപ്പ് പ്രകടമാക്കുന്ന ബാഴ്‌സലോണ അടുത്ത സമ്മറിൽ പുതിയ താരങ്ങളെ എത്തിച്ച് ടീമിനെ ശക്തമാക്കാനുള്ള പദ്ധതിയിലാണ്. എന്നാൽ വരുന്ന സമ്മറിൽ മെസി ബാഴ്‌സയിലേക്ക് വരാനും പിഎസ്‌ജി താരത്തെ വിട്ടുകൊടുക്കാനുമുള്ള സാധ്യത വളരെ കുറവാണ്.