വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് തുടക്കമായി. കർദിനാൾമാർ സിസ്റ്റൈൻ ചാപ്പലിൽ എത്തി. ആദ്യഫലം പത്തരയോടെ പുറത്തുവിടുമെന്ന് കരുതുന്നു. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. 89 വോട്ടുകൾ ലഭിക്കുന്ന കർദ്ദിനാളായിരിക്കും അടുത്ത ഇടയനായി തിരഞ്ഞെടുക്കപ്പെടുക.

കർദിനാൾമാർ ബൈബിളിൽ തൊട്ടു സത്യംചെയ്ത ശേഷമാണു വോട്ടെടുപ്പിൽ പങ്കെടുക്കുക. ഇന്ന് ഒരു തവണയാണ് വോട്ടെടുക്കുക. നാളെ മുതൽ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്താൽ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയരും. തിരഞ്ഞെടുപ്പിൽ തീരുമാനമായില്ലെങ്കിൽ ബാലറ്റുകൾ കത്തിക്കുമ്പോൾ അതിൽച്ചേർക്കുന്ന രാസവസ്തുക്കളുടെ പ്രവർത്തനഫലമായി കറുത്ത പുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്ത പുകയുമാകും ചിമ്മിനിയിൽക്കൂടെ പുറത്തുവരിക.