ഹാലിഫാക്സ് : നോവസ്കോഷയിലെ പിക്റ്റൗ കൗണ്ടിയിൽ നിന്നും കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ വീണ്ടും ആരംഭിക്കുമെന്ന് ആർസിഎംപി. ആറ് വയസ്സുള്ള ലില്ലി സള്ളിവനെയും നാല് വയസ്സുള്ള ജാക്ക് സള്ളിവനെയും കണ്ടെത്താൻ പൂർണ്ണ തോതിലുള്ള തിരച്ചിലിൽ നിന്നും കനത്ത വനപ്രദേശമായ നാല് ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്ന ഗ്രാമീണ ഭൂപ്രദേശത്ത് ശ്രദ്ധ ചെലുത്തുമെന്ന് കേന്ദ്രീകരിക്കുമെന്ന് പിക്റ്റൗ കൗണ്ടി ഡിസ്ട്രിക്റ്റ് ആർസിഎംപി കമാൻഡർ സ്റ്റാഫ് സാർജൻ്റ് കർട്ടിസ് മക് കിനോൺ അറിയിച്ചു. തിരച്ചിൽ നടപടികൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലില്ലിയെയും ജാക്കിനെയും കണ്ടെത്തുന്നതിലാണ് ശ്രദ്ധയെന്നും ഇരുവരെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ അവസാനിപ്പിക്കില്ലെന്നും കർട്ടിസ് മക് കിനോൺ പറഞ്ഞു.

മെയ് 2 വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും കാണാതായതായി റിപ്പോർട്ട് ചെയ്തത്. പിക്റ്റൗ കൗണ്ടിയിലെ ഗ്രാമപ്രദേശമായ ലാൻഡ്‌സ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലാണ് ഇരുവരെയും അവസാനമായി കണ്ടത്. ആറ് ദിവസമായി തുടരുന്ന തിരച്ചിലിൽ ഗ്രൗണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, സിവിൽ എയർ സെർച്ച് ആൻഡ് റെസ്ക്യൂ അസോസിയേഷൻ, നോവസ്കോഷ ഗാർഡ്, ജോയിൻ്റ് റെസ്ക്യൂ കോർഡിനേഷൻ സെന്‍റർ, നിരവധി ആർസിഎംപി യൂണിറ്റുകൾ എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾ പങ്കെടുത്തു.
