ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിലെ കണക്കിൽപ്പെടാത്ത എണ്ണൂറിലധികം പ്രത്യേക ബാലറ്റുകൾ ബ്രിട്ടിഷ് കൊളംബിയയിലെ റിട്ടേണിങ്ങ് ഓഫീസറുടെ ഓഫീസിൽ നിന്നും കണ്ടെത്തിയതായി ഇലക്ഷൻസ് കാനഡ. രാജ്യത്തുടനീളമുള്ള 74 ഇലക്ടറൽ ജില്ലകളിലെ വോട്ടർമാർ രേഖപ്പെടുത്തിയ 822 പ്രത്യേക ബാലറ്റുകൾ പോർട്ട് കോക്വിറ്റ്‌ലാം റൈഡിങ്ങിൽ റിട്ടേണിങ് ഓഫീസറുടെ പക്കൽ അവശേഷിപ്പിച്ചതായി ഏജൻസി പറയുന്നു. ഈ വിവരം എല്ലാ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളെയും അറിയിച്ചിട്ടുണ്ടെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.

പോർട്ട് മൂഡി – കോക്വിറ്റ്‌ലാമിലെ ഇലക്ടറൽ ജില്ലയിൽ നിന്നുള്ളതായിരുന്നു അഞ്ഞൂറിലധികം ബാലറ്റുകൾ. മറ്റുള്ളവ ഹാലിഫാക്സ്, നേപ്പിയൻ, വൻകൂവർ സെന്‍റർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള മറ്റു റൈഡിങ്ങുകളിൽ നിന്നുള്ളവയാണ്. അതേസമയം ആ 74 ഇലക്ടറൽ ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ ഈ ബാലറ്റുകൾ സ്വാധീനിച്ചിട്ടില്ലെന്നും ഇലക്ഷൻസ് കാനഡ വ്യക്തമാക്കി.

മാനുഷിക പിഴവും രേഖാമൂലമുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതുമാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ചീഫ് ഇലക്ടറൽ ഓഫീസർ സ്റ്റെഫാൻ പെറോൾട്ട് അറിയിച്ചു. ഇനി ഇത്തരമൊരു പിഴവ് സംഭവിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും, അദ്ദേഹം പറഞ്ഞു.