ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാരയുദ്ധം കാരണം കാനഡയിലെ ഭവന വിപണി “തകർച്ചയിലേക്ക്” നീങ്ങുകയാണെന്ന് പുതിയ റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള വിപണികളിൽ വീടുകളുടെ വിൽപ്പന കുറഞ്ഞതായി റോയൽ ബാങ്ക് ഓഫ് കാനഡ റിപ്പോർട്ട് ചെയ്തു. തെക്കൻ ഒൻ്റാരിയോയിലും ബ്രിട്ടിഷ് കൊളംബിയയിലുമാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടതെന്നും ആർബിസി സാമ്പത്തിക വിദഗ്ധൻ റോബർട്ട് ഹോഗ് പറയുന്നു. വ്യാപാര യുദ്ധത്തിൽ നിന്നുള്ള സമ്മർദ്ദം മൂലം വീട് വാങ്ങുന്നത് പോലുള്ള വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും വീട് വാങ്ങുന്നവരെ തടയുന്നതായി റോബർട്ട് ഹോഗ് പറഞ്ഞു. ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവർ, ഫ്രേസർ വാലി, ഒൻ്റാരിയോയിലെ ഹാമിൽട്ടൺ, കിച്ചനർ-വാട്ടർലൂ, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ വീടുകൾ വിൽക്കാതെ പോകുന്നതിനാൽ വില കുറയുകയും ഇൻവെന്‍ററികൾ ഉയരുകയും ചെയ്യുന്നു.

അതേസമയം വീടുകൾ വാങ്ങുന്നവർ പിന്നോട്ട് പോകുമ്പോൾ, വീടുകൾ വിൽക്കാൻ ആഗ്രഹിക്കുന്ന ആളുകൾ നിരന്തരം വിപണിയിലേക്ക് ഒഴുകിയെത്തുന്നതായി റോബർട്ട് ഹോഗ് പറയുന്നു. ഉദാഹരണത്തിന്, ടൊറൻ്റോയിൽ വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണം 8.1% വർധിച്ചു. എന്നാൽ, വീണ്ടും വിൽക്കപ്പെടുന്ന വീടുകളുടെ എണ്ണം 23.3% കുറഞ്ഞു. ടൊറൻ്റോയിലെ ഭവന വിപണി “മാന്ദ്യത്തിലാണെന്ന്” ഹോഗ് ചൂണ്ടിക്കാട്ടി. ഏപ്രിലിലെ വീടുകളുടെ വിൽപ്പന 30 വർഷത്തിനിടയിലെ ഏറ്റവും ദുർബലമാണെന്ന് അദ്ദേഹം പറഞ്ഞു. കാൽഗറിയിൽ ഈ കണക്കുകൾ കൂടുതൽ വ്യക്തമായിരുന്നു. നഗരത്തിൽ പുതിയ വീടുകളുടെ എണ്ണം 15.7% വർധിച്ചപ്പോൾ വിൽപ്പന 22.3% കുറഞ്ഞു. ബ്രിട്ടിഷ് കൊളംബിയയിലെ ഫ്രേസർ വാലി റിയൽ എസ്റ്റേറ്റ് വിപണിയിലാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്. പുതിയ വീടുകളുടെ 29.1% ഇടിവ്.