ഓട്ടവ : ഒൻ്റാരിയോയിലെ ഒരു സ്റ്റോറിൽ നിന്നും വ്യാജ വയാഗ്ര പിടിച്ചെടുത്തതായി ഹെൽത്ത് കാനഡ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. ടൊറൻ്റോ ലെസ്ലിവിൽ ക്വീൻ സ്ട്രീറ്റ് വെറൈറ്റിയിൽ (1296 ക്വീൻ സ്ട്രീറ്റ് ഈസ്റ്റ്) വ്യാജ വയാഗ്ര കണ്ടെത്തിയതായും പിടിച്ചെടുത്തതായും ഫെഡറൽ ഏജൻസി അറിയിച്ചു. പിടിച്ചെടുത്ത ഉൽപ്പന്നം വ്യാജമാണെന്ന് വയാഗ്രയുടെ നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തി നശിപ്പിക്കണമെന്നും ഹെൽത്ത് കാനഡ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഏജൻസി നിർദ്ദേശിച്ചു. പാക്കേജ് ഉൾപ്പെടെ യഥാർത്ഥ വയാഗ്രയെപ്പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് വ്യാജ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. വ്യാജ വയാഗ്രയിൽ സിൽഡെനാഫിൽ അടങ്ങിയിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സിൽഡെനാഫിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഏതെങ്കിലും തരത്തിലുള്ള നൈട്രേറ്റ് മരുന്നുകൾ (ഉദാ. നൈട്രോഗ്ലിസറിൻ) കഴിക്കുന്ന ആളുകൾ ഇത് ഉപയോഗിക്കരുതെന്നും ഇത് ജീവന് ഭീഷണിയാകുന്ന താഴ്ന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ഹൃദയാഘാതം, പക്ഷാഘാതം, നെഞ്ചുവേദന, ഉയർന്ന രക്തസമ്മർദ്ദം, അസാധാരണമായ ഹൃദയമിടിപ്പ് തുടങ്ങിയ ഹൃദയ സംബന്ധമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് തലവേദന, ദഹനക്കേട്, തലകറക്കം, കേൾവിക്കുറവ് എന്നിവയാണ് മറ്റ് സാധ്യമായ പാർശ്വഫലങ്ങൾ. വയാഗ്ര പോലുള്ള ഒരു ഉൽപ്പന്നം നിയമാനുസൃതമാണെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷനോടെ ലൈസൻസുള്ള ഒരു ഫാർമസിയിൽ നിന്ന് വാങ്ങുക എന്നതാണെന്ന് ഹെൽത്ത് കാനഡ പറയുന്നു.
