കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ ശ്രീലങ്കയിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. എന്നാല്‍, പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചിട്ടില്ല. രജപക്‌സെ രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.
രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍ മഹിന്ദ രജപക്‌സെ പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. അതേസമയം, ഈ യോഗത്തില്‍ നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊണ്ടതായാണ് സൂചന.
പണപ്പെരുപ്പവും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയുമാണ് ശ്രീലങ്കയില്‍ അടിസ്ഥാന വസ്തുക്കളുടെ വില കുതിച്ചുയരാന്‍ ഇടയാക്കിയത്. സാമ്പത്തിക തകര്‍ച്ചയുടെ ആഘാതത്തില്‍ ലങ്കയില്‍ ആളുകള്‍ ഇന്ധനവും ഭക്ഷണവും മരുന്നുകളും വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. എന്നാല്‍, കടകളിലെയും മറ്റും സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം ഇവരില്‍ പലരും വെറുംകൈയോടെയാണ് മടങ്ങുന്നത്.
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാകുകയാണ്. അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും ദീര്‍ഘകാല വൈദ്യുതി തടസത്തിനും രാജപക്സെ ഭരണകൂടത്തിനെതിരെ തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.