ടൊറൻ്റോ : യുഎസ് താരിഫുകൾ ദൈനംദിന അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്ന സാഹചര്യത്തിൽ പെട്രോൾ-ഡീസൽ ഇന്ധനനികുതി സ്ഥിരമായി നിലനിർത്തുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. കൂടാതെ ഹൈവേ 407 ഈസ്റ്റിന്‍റെ പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഭാഗത്തെ ടോളുകൾ നീക്കം ചെയ്യുന്നതിനുമുള്ള നിയമനിർമ്മാണം അവതരിപ്പിക്കുമെന്നും ഫോർഡ് സർക്കാർ അറിയിച്ചു. മെയ് 15 വ്യാഴാഴ്ച അവതരിപ്പിക്കുന്ന 2025 ബജറ്റിന്‍റെ ഭാഗമായി ഈ നിയമനിർമ്മാണം നടപ്പിലാക്കും.

പ്രവിശ്യാ നികുതി നിരക്കുകൾ ലിറ്ററിന് ഒമ്പത് സെൻ്റായി നിലനിർത്തുന്നതോടെ ഒൻ്റാരിയോ നിവാസികൾക്ക് പ്രതിവർഷം ശരാശരി 115 ഡോളർ ലാഭിക്കാമെന്ന് പ്രവിശ്യ പ്രതീക്ഷിക്കുന്നു, അതേസമയം ഹൈവേ 407 ഈസ്റ്റ് ടോൾ നീക്കം ചെയ്യുന്നതോടെ ദൈനംദിന യാത്രക്കാർക്ക് പ്രതിവർഷം 7,200 ഡോളർ ലാഭിക്കുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു.

2022 ജൂലൈ ഒന്നിന് ഇന്ധന നികുതി നിരക്ക് ലിറ്ററിന് 5.7 സെന്റും ഇന്ധന (ഡീസൽ) നികുതി നിരക്ക് ലിറ്ററിന് 5.3 സെന്റും ഒൻ്റാരിയോ സർക്കാർ താൽക്കാലികമായി കുറച്ചിരുന്നു. എന്നാൽ, ലെഡ്ഡ് ഗ്യാസോലിൻ അല്ലെങ്കിൽ വ്യോമയാന ഇന്ധനത്തിനുള്ള നികുതി നിരക്കുകൾ മാറ്റമില്ലാതെ തുടരും. ഹൈവേ 407 നിയമനിർമ്മാണം പാസായാൽ, ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ബ്രോക്ക് റോഡ് മുതൽ ഹൈവേ 35/115 വരെയുള്ള ഹൈവേ 407-ലെ ടോളുകൾ ശാശ്വതമായി നീക്കം ചെയ്യും.