Monday, October 27, 2025

ഇന്ത്യൻ വംശജ അനിത ആനന്ദ്‌ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി

ഓട്ടവ : യുഎസുമായുള്ള ബന്ധം സംഘർഷഭരിതമായി തുടരുന്നതിനിടെ മാർക്ക് കാർണി മന്ത്രിസഭയിൽ പുതിയ വിദേശകാര്യ മന്ത്രിയായി ഒരു ഇന്ത്യൻ വംശജ. മെലനി ജോളിക്ക് പകരമായി ഇന്ത്യൻ വംശജയായ അനിത ആനന്ദ് വിദേശകാര്യ ചുമതല വഹിക്കും. ഇന്ത്യൻ വംശജരായ 22 സ്ഥാനാർത്ഥികൾ ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇതിൽ നാലുപേർ മാർക്ക് കാർണി മന്ത്രിസഭാംഗങ്ങളുമാണ്. ഇവരിലൊരാളാണ് ഡോക്ടർമാരായ സരോജ് ഡി റാമിന്‍റെയും എസ് വി ആനന്ദിന്‍റെയും മകളായി നോവസ്കോഷയിലെ കെൻ്റ്‌വില്ലിലിൽ ജനിച്ച അനിത ആനന്ദ്‌.

ആദ്യ മാർക്ക് കാർണി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന അനിത ആനന്ദ് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിതയും കാബിനറ്റ് മന്ത്രിയായ ആദ്യ ഹിന്ദുവുമാണ്. കൂടാതെ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രി, ട്രഷറി ബോർഡ് പ്രസിഡൻ്റ്, ഗതാഗത, ആഭ്യന്തര വാണിജ്യ മന്ത്രി തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വഹിച്ചിട്ടുണ്ട്. ഗീത, സോണിയ എന്നിവർ സഹോദരങ്ങളാണ്. ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ഓണേഴ്‌സ്), ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജൂറി സ്‌പ്രൂഡൻസിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ഓണേഴ്‌സ്), ഡൽഹൗസി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ലോ, ടൊറൻ്റോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. ടൊറൻ്റോ ഓക്‌വിൽ റൈഡിങ്ങിനെ പ്രതിനിധീകരിക്കുന്ന അനിത ആനന്ദ് ടൊറൻ്റോ സർവകലാശാലയിൽ അസോസിയേറ്റ് ഡീൻ, മാസി കോളേജ് ഗവേണിംഗ് ബോർഡ് അംഗം, റോട്ട്മാൻ സ്കൂൾ ഓഫ് മാനേജ്‌മെൻ്റിലെ ക്യാപിറ്റൽ മാർക്കറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോളിസി ആൻഡ് റിസർച്ച് ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രി എന്ന നിലയിൽ രാജ്യത്ത് വാക്സിനുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ദ്രുത പരിശോധനകൾ എന്നിവ ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2021-ൽ, ദേശീയ പ്രതിരോധ മന്ത്രിയായി നിയമിതയായി. യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ യുക്രെയ്ന് കാനഡയുടെ പിന്തുണ ഉറപ്പാക്കി. വിവാദമായ മന്ത്രിസഭാ അഴിച്ചുപണിയിൽ ട്രഷറി ബോർഡിലേക്ക് മാറി. ഡിസംബറിൽ ഗതാഗതമന്ത്രിയായി നിയമിതയായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!