മിസ്സിസാഗ : നഗരത്തിലെ ഇൻഡസ്ട്രിയൽ മേഖലയിലെ പാർക്കിങ് സ്ഥലത്ത് നടന്ന വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടതായി പീൽ റീജനൽ പൊലീസ്. ബുധനാഴ്ച ഉച്ചയ്ക്ക് ഡിക്സി, ഡെറി റോഡുകൾക്ക് സമീപമുള്ള ട്രാൻമെയർ ഡ്രൈവിലെ ടെൽഫോർഡ് വേയിലാണ് സംഭവം.

വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ 40 വയസ്സുള്ള യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒന്നിലധികം വെടിയുണ്ടകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ ഒരു വെടിയുണ്ട തെരുവിന് എതിർവശത്തുള്ള ഒരു ഓഫീസിന്റെ ജനാലയിലും തുളച്ചുകയറി. ഓഫീസിൽ ഉള്ളവർക്ക് പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല. പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ പൊലീസ് അഭ്യർത്ഥിച്ചു.