ടൊറൻ്റോ : അന്തർപ്രവിശ്യാ വ്യാപാര തടസ്സം മറികടക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഒൻ്റാരിയോ-മാനിറ്റോബ സർക്കാരുകൾ. കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയായി തുടരുന്ന അമേരിക്കയുമായുള്ള വ്യാപാര യുദ്ധം തുടരുന്നതിനിടെയാണ് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും മാനിറ്റോബ പ്രീമിയർ വാബ് കൈന്യൂവും കരാറിലെത്തിയത്.

കാനഡയിലെ അയൽക്കാരും പങ്കാളികളും എന്ന നിലയിൽ, ഒൻ്റാരിയോ-മാനിറ്റോബ പ്രവിശ്യകൾക്കിടയിൽ ചരക്കുകൾ, സേവനങ്ങൾ, തൊഴിലാളികൾ എന്നിവയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കരാർ ഉപകരിക്കുമെന്ന് ക്വീൻസ് പാർക്കിൽ നടന്ന ചടങ്ങിൽ ഫോർഡ് പറഞ്ഞു. അന്തർപ്രവിശ്യാ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമം കാനഡയ്ക്കുള്ളിലെ സ്വതന്ത്ര വ്യാപാരത്തിന്‍റെ സാധ്യതകൾ തുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2021-ൽ ഒൻ്റാരിയോ-മാനിറ്റോബ അന്തർപ്രവിശ്യാ വ്യാപാരം 1,950 കോടി ഡോളറായിരുന്നു. അടുത്തിടെ നോവസ്കോഷ, ന്യൂബ്രൺസ്വിക് പ്രവിശ്യകളുമായി ഒൻ്റാരിയോ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.