2022 ലോകകപ്പിനുള്ള പ്ലേ ഓഫ് മത്സരങ്ങൾ ഏറെക്കുറേ പൂർത്തിയായപ്പോൾ അതു പല താരങ്ങൾക്കും വേദനിപ്പിക്കുന്ന അനുഭവം കൂടിയാണ് നൽകിയത്. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായി അറിയപ്പെടുന്ന പലർക്കും ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നത് വലിയ നിരാശയാണ് ആരാധകർക്കും സമ്മാനിച്ചത്. ഇത്തവണത്തെ ലോകകപ്പ് നഷ്‌ടമാകുന്ന അഞ്ചു പ്രധാന താരങ്ങൾ ആരൊക്കെ എന്ന് പരിശോധിക്കാം.
മൊഹമ്മദ് സലാ
സെനഗലുമായി നടന്ന പ്ലേ ഓഫ് മത്സരം നിർഭാഗ്യം കൊണ്ടു തോറ്റാണ് മൊഹമ്മദ് സലായുടെ ഈജിപ്‌ത് ലോകകപ്പിൽ നിന്നും പുറത്തു പോകുന്നത്. ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ നേടിയിട്ടുള്ള, നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. 29 വയസുള്ള താരത്തിന് അടുത്ത ലോകകപ്പിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എർലിങ് ബ്രൂട് ഹാലൻഡ്
ഇരുപത്തിയൊന്നാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കറായി പേരെടുത്ത എർലിങ് ഹാലൻഡിന്റെ അഭാവം ലോകകപ്പിന്റെ നഷ്‌ടങ്ങളിൽ ഒന്നാണ്. നോർവേക്കു വേണ്ടി കളിച്ച അവസാന അഞ്ചു മത്സരങ്ങളിൽ എട്ടു ഗോളുകളും മൂന്നു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അഞ്ചു ഗോളുകളും നേടിയെങ്കിലും യോഗ്യത നേടാൻ അവർക്കു കഴിഞ്ഞില്ല. കരിയർ ഇനിയും ബാക്കിയുള്ളതിനാൽ കൂടുതൽ കരുത്തോടെ താരം അടുത്ത ലോകകപ്പിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
നാൽപതാം വയസിലും യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ എ.സി മിലാനിൽ കളിക്കുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലോകകപ്പിനു മുന്നോടിയായി ദേശീയ ടീമിലേക്ക് മടങ്ങി വന്നെങ്കിലും സ്വീഡന് ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞില്ല. പ്ലേ ഓഫിൽ ലെവൻഡോസ്‌കിയുടെ പോളണ്ടിനോട് തോറ്റാണ് സ്വീഡൻ ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പുറത്തായത്. സ്വീഡൻ യോഗ്യത നേടാതിരുന്നതോടെ ആദ്യ ലോകകപ്പ് ഗോളെന്ന സ്ലാട്ടൻറെ സ്വപ്‌നം കൂടിയാണ് ഇല്ലാതായത്.
റിയാദ് മഹ്റെസ്
മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടത്തുന്ന കുതിപ്പിലെ നിർണായമായ സാന്നിധ്യമാണ് ഈ അൾജീരിയൻ താരം. യോഗ്യത ഗ്രൂപ്പിൽ മഹ്റെസ് അഞ്ചു ഗോളുകൾ നേടിയിരുന്നു എങ്കിലും കാമറൂണുമായുള്ള പ്ലേ ഓഫിലാണ് അൾജീരിയക്ക് ചുവടു തെറ്റിയത്. കാമറൂണിന്റെ മൈതാനത്ത് ഒരു ഗോളിന് വിജയിച്ച അൾജീരിയ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടങ്ങിയതോടെ എവേ ഗോൾ നിയമത്തിൽ കാമറൂൺ ലോകകപ്പിലേക്ക് മുന്നേറി.
മാർക്കോ വെറാറ്റി
നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന മാർക്കോ വെറാറ്റിയെ സംബന്ധിച്ച് വലിയ നിരാശയാണ് ഈ സീസൺ സമ്മാനിച്ചത്. റയലിനോട് തോറ്റ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിന്നും പുറത്തായതിനു പിന്നാലെയാണ് ദുർബലരായ നോർത്ത് മാസിഡോണിയയോട് കീഴടങ്ങി ഇറ്റലി ലോകകപ്പ് കാണാതെ പോകുന്നത്. കഴിഞ്ഞ യൂറോ ജേതാക്കളാണ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതെന്നതാണ് അതിലെ ഏറ്റവും ദൗർഭാഗ്യകരമായ കാര്യം.