ഓട്ടവ : യുഎസുമായുള്ള അനിശ്ചിത വ്യാപാര യുദ്ധത്തിനിടയിൽ കാനഡയിലെ ഭവന വിപണി തിരിച്ചുവരവിന്‍റെ സൂചനകൾ നൽകുന്നതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്‍റെ (CREA) ഏറ്റവും പുതിയ റിപ്പോർട്ട്. എന്നാൽ, 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏപ്രിലിൽ യഥാർത്ഥ ഭവന വിൽപ്പന 9.8% കുറഞ്ഞു. സീസണൽ അടിസ്ഥാനത്തിൽ, ഏപ്രിലിലെ റിപ്പോർട്ട് കാണിക്കുന്നത് ഈ വർഷം മാർച്ച് മുതൽ ദേശീയ ഭവന വിൽപ്പനയിൽ 0.1% കുറവുണ്ടായതായി കാണിക്കുന്നു.

അതേസമയം മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ എത്തിയ പുതിയ വീടുകളുടെ എണ്ണം ഒരു ശതമാനം കുറഞ്ഞുവെന്നും എംഎൽഎസ് ഹോം പ്രൈസ് ഇൻഡക്സ് (ശരാശരി ലിസ്റ്റിങ് വില) 1.2% കുറഞ്ഞുവെന്നും റിപ്പോർട്ട് കാണിക്കുന്നു. കൂടാതെ 2024-നെ അപേക്ഷിച്ച്, കാനഡയിലുടനീളം ലിസ്റ്റിങ് വില ശരാശരി 3.6% കുറയുകയും കഴിഞ്ഞ വർഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് യഥാർത്ഥ വിൽപ്പന വില 3.9% കുറഞ്ഞിട്ടുണ്ടെന്നും CREA-യിലെ മുതിർന്ന സാമ്പത്തിക വിദഗ്ദ്ധൻ ഷോൺ കാത്ത്കാർട്ട് പറയുന്നു. താരിഫുകൾ ആദ്യമായി പ്രഖ്യാപിച്ച ജനുവരി 20 മുതൽ, വിൽപ്പന അതിവേഗം കുറയുകയും കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണി പ്രത്യാഘാതങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വ്യാപാര യുദ്ധത്തിന്‍റെ സാധ്യത കണക്കിലെടുത്ത്, താരിഫ് എങ്ങനെ മാറുമെന്ന് കാണാൻ വീട് വാങ്ങാൻ ഒരുങ്ങുന്നവരും വിൽക്കുന്നവരും കാത്തിരിക്കുകയാണ്. അതുപോലെ തന്നെ വീട് വാങ്ങുന്നവർക്കുള്ള മോർഗെജ് നിരക്കുകളെ ബാധിക്കുന്ന ബാങ്ക് ഓഫ് കാനഡ പലിശനിരക്കുകളെയും എല്ലാവരും ശ്രദ്ധയോട് നിരീക്ഷിക്കുകയാണെന്നും ഷോൺ കാത്ത്കാർട്ട് പറയുന്നു.