വിക്ടോറിയ : അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീ പ്രതിരോധത്തിനായി ഏകദേശം 100 വൈൽഡ്‌ലാൻഡ് ഫയർഫൈറ്റർമാരെ ഒൻ്റാരിയോയിലേക്ക് അയച്ചതായി ബ്രിട്ടിഷ് കൊളംബിയ വനംമന്ത്രി രവി പർമർ. പ്രവിശ്യകൾ പരസ്പരം കാട്ടുതീ പ്രതിരോധ നടപടികൾക്ക് സഹായം ചോദിക്കാൻ അനുവദിക്കുന്ന ഇന്‍റർ-ഏജൻസി കരാറിന്‍റെ ഭാഗമായാണ് അഗ്നിശമന സേനാംഗങ്ങളെ അയയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മാനിറ്റോബ ലാക് ദു ബാനയ്ക്ക് സമീപം ഈ ആഴ്ച ഉണ്ടായ കാട്ടുതീയിൽ 28 വീടുകളും കോട്ടേജുകളും നശിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തതോടെ ബ്രിട്ടിഷ് കൊളംബിയ സർക്കാർ 42 ഫയർഫൈറ്റർമാരെ മാനിറ്റോബയിലേക്ക് അയച്ചിരുന്നു.

തണുത്ത താപനിലയും മഴയും ബ്രിട്ടിഷ് കൊളംബിയയിലെ കാട്ടുതീ പ്രതിരോധ നടപടികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിച്ചുണ്ട്. ഇതിനാൽ മറ്റു പ്രവിശ്യകളെ സഹായിക്കാൻ ഫയർഫൈറ്റർമാരെ അയക്കാൻ അനുവദിച്ചതായി രവി പർമർ പറഞ്ഞു. അതേസമയം ഒൻ്റാരിയോയിൽ എത്തുന്ന ബ്രിട്ടിഷ് കൊളംബിയ ഫയർഫൈറ്റർമാരെ എവിടെ അയയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് ഒൻ്റാരിയോ സർക്കാരാണെന്നും അദ്ദേഹം അറിയിച്ചു.

കാനഡയിലെ റെക്കോർഡ് സൃഷ്ടിച്ച 2023 കാട്ടുതീ സീസണിൽ കെബെക്ക് ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും കാട്ടുതീയെ ചെറുക്കാൻ ബ്രിട്ടിഷ് കൊളംബിയ ഫയർഫൈറ്റർമാർ എത്തിയിരുന്നു. 2023 കാനഡയിലെ ഏറ്റവും മോശം തീപിടുത്ത സീസണായിരുന്നു. കാട്ടുതീയിൽ ഒരു കോടി 72 ലക്ഷം ഹെക്ടറിലധികം ഭൂമി കത്തിനശിച്ചു.