ഓട്ടവ : കെബെക്കിലെയും ഒൻ്റാരിയോയിലെയും ഉപയോക്താക്കളെ ബാധിച്ച തടസ്സം പരിഹരിച്ചതായി ബെൽ കാനഡ അറിയിച്ചു. ചില റൂട്ടറുകളെ ബാധിച്ച ഒരു അപ്‌ഡേറ്റുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നമെന്നും ഉപയോക്താക്കൾ അനുഭവിച്ച തടസ്സത്തിന് ക്ഷമ ചോദിക്കുന്നതായും ബെൽ കാനഡ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, സൈബർ ആക്രമണമല്ല തടസ്സത്തിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. സർവീസ് പൂർണ്ണമായും പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു. ഇപ്പോളും പ്രശ്നങ്ങൾ നേരിടുന്ന ഉപയോക്താക്കൾ മോഡം അൺപ്ലഗ് ചെയ്‌ത് റീബൂട്ട് ചെയ്ത് കുറച്ച് മിനിറ്റിനുശേഷം വീണ്ടും പ്ലഗ് ഇൻ ചെയ്യണം, ബെൽ കാനഡ നിർദ്ദേശിച്ചു.

ഇന്ന് രാവിലെ ഒമ്പതരയോടെ ബെൽ കാനഡ ലാൻഡ്‌ലൈൻ, മൊബൈൽ സർവീസുകൾ തടസ്സപ്പെട്ടതായി ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നു. ബെൽ കാനഡ ഉപയോക്താക്കളിൽ 61% പേർക്ക് ലാൻഡ്‌ലൈൻ ഇന്‍റർനെറ്റിൽ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു. 11 ശതമാനം പേർക്ക് മൊബൈൽ ഇന്‍റർനെറ്റിലാണ് പ്രശ്നം നേരിട്ടത്. കൂടാതെ 28% പേർക്ക് സർവീസ് പൂർണ്ണമായി തടസ്സപ്പെട്ടതായും ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.