യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ ക്വാർട്ടറിലേക്ക് കടക്കുമ്പോൾ ഇന്നത്തെ ശ്രദ്ധ മുഴുവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സ്‌പാനിഷ് ലീഗിലെയും കഴിഞ്ഞ സീസണിലെ കിരീടജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലാണ്. തീർത്തും വ്യത്യസ്‌തമായ രണ്ടു ശൈലി ടീമിൽ അവലംബിക്കുന്ന രണ്ടു പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാകും ഈ മത്സരം.
ബോൾ പൊസഷനിലൂന്നി ആക്രമണ ഫുട്ബാളിന് പ്രാധാന്യം നൽകുന്ന ശൈലിക്കുടമയായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പ്രീ ക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് ലിസ്ബനെ ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് ക്വാർട്ടറിലേക്ക് എത്തിയത്. അതേസമയം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യാക്രമണ ഫുട്ബോൾ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1നാണു പ്രീ ക്വാർട്ടറിൽ മറികടന്നത്.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു തന്നെയാണ് ആധിപത്യം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്ലറ്റികോ മാഡ്രിഡിനെ അപേക്ഷിച്ച് വമ്പൻ താരങ്ങൾ അണിനിരക്കുന്ന ടീം പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ ടീം ഇത്തവണ തങ്ങളുടെ ആദ്യത്തെ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. ബേൺലിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ നേടിയ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം അവർക്ക് പ്രതീക്ഷയും നൽകുന്നു.
അതേസമയം ഈ സീസണിൽ തിരിച്ചടികൾ നേരിട്ടെങ്കിലും ഫോമിലേക്കുള്ള തിരിച്ചു വരവിലാണ് അത്ലറ്റികോ മാഡ്രിഡ്. കഴിഞ്ഞ ആറു മത്സരങ്ങളും വിജയിച്ച അവർ അവസാന മത്സരത്തിൽ അലാവസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കു തകർത്ത് ചാമ്പ്യൻസ് ലീഗ് തയ്യാറെടുപ്പുകൾ ഭംഗിയായി പൂർത്തിയാക്കിയിട്ടുണ്ട്. ആർക്കും പിടികൊടുക്കാത്ത തന്ത്രങ്ങൾ മൈതാനത്തു മെനയുന്ന ഡീഗോ സിമിയോണിക്ക് ഏതു ടീമിനെയും തോൽപ്പിക്കാനുള്ള കരുത്തുണ്ടെന്ന് അവർ ഇതിനു മുൻപ് നിരവധി തവണ തെളിയിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യത ഇലവൻ:
ഗോൾകീപ്പർ: എഡേഴ്‌സൺ
പ്രതിരോധനിര: കാൻസലോ, ലപോർട്ടെ, സ്റ്റോൺസ്, സിൻചെങ്കോ
മധ്യനിര: ബെർണാർഡോ സിൽവ, റോഡ്രി, കെവിൻ ഡി ബ്രൂയ്ൻ
മുന്നേറ്റനിര: റിയാദ് മഹ്രേസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ്.
അത്ലറ്റികോ മാഡ്രിഡ് സാധ്യത ഇലവൻ:
ഗോൾകീപ്പർ: യാൻ ഒബ്ലാക്ക്
പ്രതിരോധനിര: സിമെ വേഴ്സാൽക്കോ, സ്റ്റെഫാൻ സാവിച്ച്, ജിയോഫ്രെ കോൺഡോഗ്‌ബിയ, റെനെൻ ലോദി
മധ്യനിര: മാർക്കോസ് ലോറന്റെ, റോഡ്രിഗോ ഡി പോൾ, കോക്കെ, തോമസ് ലെമർ
മുന്നേറ്റനിര: അന്റോയിൻ ഗ്രീസ്‌മൻ, ജോവോ ഫെലിക്‌സ്