കൊച്ചി : നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യുഎഇ പൗരന്റെ സംഭാഷണവുമുണ്ടെന്നു ക്രൈം ബ്രാഞ്ച്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ചാറ്റുകള്‍ നീക്കിയത്. ഇയാള്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്. നശിപ്പിച്ച ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണവുമുണ്ട്.
വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ ദിലീപിന്റെ അളിയന്‍ സുരാജ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍ ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ തൃശ്ശൂര്‍ സ്വദേശി നസീര്‍ എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.