വിനിപെഗ് : രണ്ടു വർഷം മുമ്പ് തെക്കൻ മാനിറ്റോബയിലെ കാനഡ-യുഎസ് അതിർത്തിയിൽ ഇന്ത്യൻ കുടുംബത്തിലെ നാല് പേർ തണുത്തുറഞ്ഞ് മരിച്ച കേസിൽ രണ്ടു പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് മിനസോട ജഡ്ജി. ‘ഡേർട്ടി ഹാരി’ എന്നറിയപ്പെടുന്ന ഇന്ത്യൻ വംശജനായ ഹർഷ്കുമാർ രാമൻലാൽ പട്ടേൽ (28), ഫ്ലോറിഡയിലെ ഡെൽറ്റോണയിൽ നിന്നുള്ള സ്റ്റീവൻ ഷാൻഡ് (49) എന്നിവരെയാണ് ശിക്ഷിച്ചത്. ഹർഷ്‌കുമാർ പട്ടേലിന് പത്ത് വർഷവും കേസിലെ സഹപ്രതിയായ സ്റ്റീവ് ഷാൻഡിന് ആറര വർഷവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളെ “അസാധാരണമാംവിധം ഗൗരവമുള്ളത്” എന്ന് ജഡ്ജി ജോൺ ടൺഹൈം വിധിച്ചു. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി ആളുകളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട നാല് കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ വർഷം ജൂറി ഇരുവരെയും കുറ്റക്കാരായി വിധിച്ചിരുന്നു. പട്ടേലിന് 19 വർഷം തടവും ഷാൻഡിന് 10 വർഷം തടവും ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ശുപാർശ ചെയ്തു.

പ്രതികൾ ഇരുവരും സ്റ്റുഡൻ്റ് വീസയിൽ ഇന്ത്യൻ പൗരന്മാരെ കാനഡയിലേക്ക് കൊണ്ടുവരികയും തുടർന്ന് അവരെ യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയിലൂടെ കടത്തുകയുമായിരുന്നുവെന്ന് കോടതി പറയുന്നു. പട്ടേൽ ലോജിസ്റ്റിക്‌സ് സംഘടിപ്പിച്ച് യുഎസിലേക്കുള്ള കുടിയേറ്റക്കാരെ വാടക വാഹനങ്ങളിൽ കയറ്റി ഷിക്കാഗോയിലേക്ക് കൊണ്ടുപോകുന്നതിന് ഷാൻഡിന് പണം നൽകിയതായി പ്രോസിക്യൂഷൻ വാദിച്ചു.

മാനിറ്റോബയിലെ എമേഴ്സണിനടുത്തുള്ള അതിർത്തിയിലൂടെ മിനസോടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേലും കുടുംബവും കടുത്ത തണുപ്പിനെ തുടർന്ന് മരവിച്ച് മരിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ ഹർഷ്കുമാർ രാമൻലാൽ പട്ടേലിനെ ഷിക്കാഗോയില് നിന്ന് യു എസ് അധികൃതർ പിടികൂടി. 2022 ജനുവരി 19-ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗാന്ധിനഗറിനടുത്തുള്ള ഡിങ്കുച്ച സ്വദേശികളായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (37), അവരുടെ രണ്ട് മക്കളായ വിഹാംഗി (11), ധാർമിക് (3) എന്നിവരെ മാനിറ്റോബയിലെ എമേഴ്സണിനടുത്ത് മരവിപ്പിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹർഷ്കുമാർ രാമൻലാൽ പട്ടേലിൻ്റെയും സ്റ്റീവ് ഷാൻഡിൻ്റെയും നേതൃത്വത്തിൽ അതിർത്തി കടക്കാൻ ശ്രമിച്ച 11 പേരടങ്ങുന്ന സംഘത്തിൻ്റെ ഭാഗമായിരുന്നു അവർ.

കാനഡയിലെ കള്ളക്കടത്തുകാരുമായി സഹകരിച്ച് ഹർഷ്കുമാർ പട്ടേൽ കുടിയേറ്റക്കാരെ അതിർത്തിക്കടുത്ത് ഇറക്കി വിടുകയും അവിടെ നിന്നും അവർ അമേരിക്കയിൽ പ്രവേശിക്കുന്നതുവരെ നടന്ന് എത്തുകയും തുടർന്ന് സ്റ്റീവ് ഷാൻഡ് അവരെ കൊണ്ടുപോകുമെന്നുമായിരുന്നു കരാർ. അപകടസാധ്യതകൾ അറിഞ്ഞിട്ടും, പ്രതികൾ ഇരുവരും കുടിയേറ്റക്കാരെ അതിർത്തി കടത്താൻ പ്രേരിപ്പിച്ചതായി പ്രോസിക്യൂട്ടർമാർ പറയുന്നു. പ്രതികൾ ആഴ്ചകൾക്ക് മുമ്പ് കാനഡ-യുഎസ് അതിർത്തി വഴി ഡസൻ കണക്കിന് ആളുകളെ കടത്തിയതായും ആരോപിക്കപ്പെടുന്നു.