സിഡ്നി:ഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് കുടുംബം മലയിടിച്ചിലില്‍പെട്ടു. സിഡ്‌നിയിലെ പ്രസിദ്ധമായ ബ്ലൂ മൗണ്ടന്‍സിന്റെ പ്രദേശത്താണ് അപകടം നടന്നത്.കുടുംബത്തിലെ ഗൃഹനാഥനും(49) മകനും(9) കൊല്ലപ്പെട്ട അപകടത്തില്‍ ഭാര്യയും(50) മറ്റൊരു മകനും(14) പരിക്കുകളോടെ ആശുപത്രിയിലാണ്. 15 വയസ്സുകാരി മകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മലനിരകളിലൂടെ കാല്‍നടയായി പോകുന്നതിനിടെയാണ് അപ്രതീക്ഷമായി മലയിടിച്ചിലുണ്ടായത്.
ബ്രിട്ടീഷ് പൗരനായ വ്യക്തിയുടേയും കുടുംബത്തിന്റേയും മറ്റ് വിവരങ്ങള്‍ ന്യൂസൗത്ത് വെയില്‍സ് പോലീസ് പുറത്തുവിട്ടിട്ടില്ല. അപകടം നടന്ന സമയത്ത് മലയിടിച്ചിലിനൊപ്പം അച്ഛനും മകനും താഴേയ്‌ക്ക് തെറിച്ചുപോയാണ് കൊല്ലപ്പെട്ടത്. തൊട്ടുപുറകേ വരികയായിരുന്ന ഭാര്യയും മകനും മകളും പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ഭാര്യയ്‌ക്കും ഇളയ മകനും വയറിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മകള്‍ മാനസികമായി വലിയ ആഘാതം നേരിട്ട അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെട്ട ശക്തമായ മഴയാണ് മലയിടിച്ചിലിലേയ്‌ക്ക് നയിച്ചത്. ന്യൂസൗത്ത് വെയില്‍സ് ദേശീയോദ്യാനവും വന്യമൃഗസംരക്ഷണ കേന്ദ്രവും അടങ്ങുന്ന മേഖലയിലാണ് അപകടം നടന്നിരിക്കുന്നത്. അപകടം നടന്നതോടെ മേഖലയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. നിരവധി സാഹസിക യാത്രികര്‍ മലകയറ്റത്തിനായി എത്തുന്ന പ്രദേശത്തുണ്ടായ അപകടം ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യമായാണ് ഈ മേഖലയില്‍ മലയിടിച്ചില്‍ .