വൻകൂവർ : കാട്ടുതീ ഭീഷണിയെ തുടർന്ന് വടക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ കിസ്കാറ്റിനാവ് റിവർ മേഖലയിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകളും മുന്നറിയിപ്പുകളും നൽകിയതായി പീസ് റിവർ റീജനൽ ഡിസ്ട്രിക്റ്റ്. ഈ മേഖലയിൽ ചൂടുള്ളതും വരണ്ടതും കാറ്റുള്ളതുമായ കാലാവസ്ഥ കാരണം കാട്ടുതീ അതിവേഗം പടരുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസി വൈൽഡ്ഫയർ സർവീസ് അറിയിച്ചു.

കിസ്കാറ്റിനാവ് റിവർ മേഖലയിൽ പടിഞ്ഞാറൻ കാറ്റ് വ്യാഴാഴ്ച മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലും വെള്ളിയാഴ്ചയോടെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കെല്ലി തടാകത്തിലേക്കും ആൽബർട്ട അതിർത്തിയിലേക്കും തീ പടരുന്നതിന് കാരണമാകും. കാട്ടുതീ ഹൈവേ 52-ലേക്ക് വ്യാപിച്ചതായും സാഹചര്യങ്ങൾ പെട്ടെന്ന് മാറിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ബ്രിട്ടിഷ് കൊളംബിയയിലെ സജീവമായ കാട്ടുതീകളുടെ എണ്ണം ചൊവ്വാഴ്ച എഴുപത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. ഇതിൽ പകുതിയിലധികം നിയന്ത്രണവിധേയമാണെന്ന് ബിസി വൈൽഡ്ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.