എഡ്മിന്‍റൻ : ആൽബർട്ടയിലെ കനനാസ്കിസിൽ അടുത്തയാഴ്ച നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം. പ്രധാനമന്ത്രി മാർക്ക് കാർണി ക്ഷണിച്ച, ഗ്രൂപ്പ് ഓഫ് സെവനിൽ അംഗമല്ലാത്ത നിരവധി ലോക നേതാക്കളിൽ ഒരാളാണ് ക്ലോഡിയ.

അതേസമയം ജി 7 ഉച്ചകോടിയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ജി7 നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും ക്ലോഡിയ അറിയിച്ചു. ട്രംപിന്‍റെ ശിക്ഷാ തീരുവകളുടെ ലക്ഷ്യമായി മെക്സിക്കോയും കാനഡയും മാറിയിട്ടുണ്ടെന്നും അടുത്ത വർഷം കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിനെക്കുറിച്ച് മൂന്ന് രാജ്യങ്ങളും വീണ്ടും ചർച്ച ആരംഭിക്കുമെന്നും അവർ പറയുന്നു.

യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്, ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമാഫോസ, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.