ടൊറൻ്റോ : കാട്ടുതീ ഭീഷണി ഉയർത്തുന്ന വടക്കൻ ഒൻ്റാരിയോയിൽ നിന്ന് എഴുന്നൂറിലധികം ആളുകളെ ഒഴിപ്പിച്ച് കനേഡിയൻ സൈന്യം. സിസി-130 ഹെർക്കുലീസ് വിമാനം ഉപയോഗിച്ചാണ് സാൻഡി ലേക്ക് ഫസ്റ്റ് നേഷനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതെന്ന് നാഷണൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, രണ്ടായിരത്തിലധികം ആളുകളുള്ള ഈ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിൽ നിന്ന് ഇനി എത്ര താമസക്കാരെ ഒഴിപ്പിക്കാനുണ്ടെന്ന് വ്യക്തമല്ല.

വടക്കൻ ഒൻ്റാരിയോയിൽ കാട്ടുതീ 1,500 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ എത്തിയതോടെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി വാരാന്ത്യത്തിൽ പ്രീമിയർ ഡഗ് ഫോർഡ് സൈന്യത്തിന്‍റെ സഹായം തേടിയിരുന്നു. 24 മണിക്കൂറിനുള്ളിൽ 40 കിലോമീറ്റർ വിസ്തൃതിയിൽ കാട്ടുതീ കത്തിനശിപ്പിച്ചതായും ഞായറാഴ്ച രാത്രിയോടെ കമ്മ്യൂണിറ്റിയിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അടുത്ത് എത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു.

കാനഡയിലെ തീപിടുത്തങ്ങളെ നേരിടാൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെയും വിളിച്ചിട്ടുണ്ടെന്ന് പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. കാട്ടുതീ കാരണം കാനഡയിലുടനീളം പതിനായിരങ്ങൾ പാലായനം ചെയ്തു. കൂടാതെ സസ്കാച്വാൻ, മാനിറ്റോബ പ്രവിശ്യകൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടുതീ കാരണം ഈ വർഷം ഇതുവരെ ഏകദേശം 30,000 ചതുരശ്ര കിലോമീറ്റർ ഭൂമി കത്തിനശിച്ചതായി കനേഡിയൻ ഇൻ്റാറാജൻസി ഫോറസ്റ്റ് ഫയർ സെന്‍റർ റിപ്പോർട്ട് ചെയ്തു. ഇത് അഞ്ച് വർഷത്തെ ശരാശരിയുടെ മൂന്നിരട്ടിയാണ്.