ന്യൂയോർക്ക് : ഓപ്പൺ എഐയുടെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടി പണിമുടക്കി. ചൊവ്വാഴ്ച രാവിലെ മുതലാണ് ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ തടസം നേരിട്ടതെന്ന് ഇന്‍റർനെറ്റ് ട്രാക്കർ ഡൗൺഡിറ്റക്ടർ അറിയിച്ചു. ആഗോളതലത്തിൽ ചാറ്റ്ജിപിടി സേവനങ്ങൾക്ക് തടസം നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിലധികം നോർത്ത് അമേരിക്കൻ ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി സേവനങ്ങളിൽ പ്രശ്നം നേരിടുന്നുണ്ട്.

ചാറ്റ്ജിപിടിയെയും ടെക്സ്റ്റ്-ടു-വിഡിയോ പ്ലാറ്റ്‌ഫോമായ സോറയെയും തകരാർ ബാധിച്ചെന്നും ഓപ്പൺ എഐ സ്ഥിരീകരിച്ചു. പ്രശ്നം പഠിക്കുകയാണെന്നും തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നും ഓപ്പൺ എ ഐ അറിയിച്ചു. ആപ്പിന്‍റെ വെബ്, ഡെസ്‌ക്‌ടോപ്പ്, മൊബൈൽ പതിപ്പുകളിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി ഓപ്പൺഎഐ പറയുന്നു. ഇമേജ് ജനറേഷൻ, “ഡീപ് റിസർച്ച്”, “ഡാൽ-ഇ”, മെമ്മറി സേവനങ്ങൾ എന്നിവ ബാധിച്ച ഘടകങ്ങളുടെ നീണ്ട പട്ടികയിൽപ്പെടുന്നു.