വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സ്ക്വാമീഷിൽ കത്തിപ്പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ്. ബുധനാഴ്ച രാവിലെ പത്ത് മണിവരെ തീ നാലിരട്ടിയായി 20 ഹെക്ടറായി വർധിച്ചു. അതേസമയം കാട്ടുതീയിൽ നിന്നും അടിസ്ഥാന സൗകര്യങ്ങളും വീടുകളും സംരക്ഷിക്കാൻ സാധിച്ചതായി സ്ക്വാമീഷ് മേയർ അർമാൻഡ് ഹർഫോർഡ് അറിയിച്ചു. ഒറ്റരാത്രികൊണ്ട്, ഒഴിപ്പിക്കൽ മുന്നറിയിപ്പിൽ ഉണ്ടായിരുന്ന ആരെയും ഒഴിപ്പിക്കേണ്ടി വന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്ക്വാമീഷിലെ ഹൈവേ 99-ന് കിഴക്ക് ഡോവാദ് ഡ്രൈവിനും ഡിപ്പോ റോഡിനും ഇടയിലാണ് തീപിടുത്തം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച മുതൽ മുനിസിപ്പാലിറ്റിയിൽ ക്യാമ്പ് ഫയർ നിരോധനം പ്രാബല്യത്തിലുണ്ടെന്ന് മേയർ അർമാൻഡ് ഹർഫോർഡ് പ്രഖ്യാപിച്ചു. കൂടാതെ സ്ക്വാമീഷ് ജില്ലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രാബല്യത്തിൽ തുടരുന്നു. മേഖലയിലെ 100 വീടുകൾ ഇപ്പോഴും ഒഴിപ്പിക്കൽ മുന്നറിയിപ്പിന് കീഴിലാണ്. അതേസമയം സ്ട്രാറ്റ പരിസരങ്ങൾ ഉൾപ്പെടെ ഏകദേശം 200 വീടുകൾ ഒഴിപ്പിക്കൽ ഭീഷണിയിലാണ്, ഹർഫോർഡ് വ്യക്തമാക്കി.

കാട്ടുതീ നിയന്ത്രിക്കാൻ പെംബർട്ടൺ ഫയർ സോണിൽ നിന്നുള്ള 20 അഗ്നിശമന സേനാംഗങ്ങളും ഒരു എയർ ടാങ്കറും നാല് ഹെലികോപ്റ്ററുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ബിസി വൈൽഡ് ഫയർ സർവീസ് പറയുന്നു. എന്നാൽ, അഗ്നിശമന സേനാംഗങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത പാറക്കെട്ടുകളുള്ള വളരെ കുത്തനെയുള്ള പ്രദേശത്താണ് തീ കത്തുന്നതെന്ന് ഓഫീസർ മാർക്ക് സിംപ്സൺ അറിയിച്ചു.