Monday, August 18, 2025

ജി 7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം: എതിർപ്പുമായി സിഖ് സംഘടനകളും രംഗത്ത്

ഓട്ടവ : ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ തീരുമാനത്തിന്‍റെ പേരിൽ സ്വന്തം പാർട്ടി എംപിമാരിൽ നിന്നും വിമർശനം നേരിടേണ്ടി വന്ന മാർക്ക് കാർണിക്ക് തലവേദനയായി കാനഡയിലെ പ്രമുഖ സിഖ് ഗ്രൂപ്പുകളും രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തയാഴ്ച ആൽബർട്ടയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് പിൻവലിക്കണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ, സിഖ് ഫെഡറേഷൻ കാനഡ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഏകദേശം രണ്ട് വർഷം മുമ്പ് ബ്രിട്ടിഷ് കൊളംബിയ സറേയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിലനിൽക്കെയാണ് മോദിയെ ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതെന്ന് ഈ സംഘടനകൾ പറയുന്നു.

ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കുകയും കാനഡയുടെ കാര്യങ്ങളിൽ ഇടപെടുന്നതും കാനഡയിലെ സിഖുകാരെ ലക്ഷ്യമിടുന്നതും നിർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തില്ലെങ്കിൽ മോദിയുടെ ക്ഷണം പിൻവലിക്കണമെന്നാണ് സിഖ് സംഘടനകളുടെ ആവിശ്യം. കൂടാതെ ഇന്ത്യയുടെ വിദേശ ഇടപെടലുകളെക്കുറിച്ച് പൊതു അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ഏതെങ്കിലും രഹസ്യാന്വേഷണ പങ്കിടൽ ഉടൻ നിർത്തണമെന്നും ഗ്രൂപ്പുകൾ ലിബറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാനഡയെ ലക്ഷ്യം വച്ചുള്ള വിദേശ ഇടപെടൽ പ്രവർത്തനങ്ങൾക്ക് പിന്നിൽ ചൈനയും ഇന്ത്യയും പ്രധാന പങ്കാളികളാണെന്ന് കഴിഞ്ഞ വർഷം വിദേശ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള പൊതു അന്വേഷണത്തിന്‍റെ തലവൻ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!