ടൊറൻ്റോ : നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒൻ്റാരിയോ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (OINP) വീണ്ടും അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകാൻ തുടങ്ങി. ജൂൺ 6-ന് നടന്ന നറുക്കെടുപ്പിൽ എംപ്ലോയർ ജോബ് ഓഫർ സ്ട്രീമുകളിലേക്ക് യോഗ്യത നേടിയ ഗ്രേറ്റർ സഡ്ബറിയിലെ ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇന്‍റർനാഷണൽ വർക്കർ സ്ട്രീം, ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം, ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നീ സ്ട്രീമുകൾ വഴി 72 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. OINP അടുത്തിടെ അതിന്‍റെ 2025 പ്രവിശ്യാ നോമിനേഷൻ വിഹിതം വെട്ടിക്കുറച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം നോമിനേഷൻ സ്ലോട്ടുകളുടെ എണ്ണം 10,750 ആയി കുറഞ്ഞു.

2025 ജൂൺ 3-നോ അതിനുമുമ്പോ അപേക്ഷ നൽകിയവരെയാണ് ഈ നറുക്കെടുപ്പിലേക്ക് പരിഗണിച്ചത്. യോഗ്യത നേടുന്നതിന്, ഗ്രേറ്റർ സഡ്ബറി സെൻസസ് ഡിവിഷനിലെ ഒരു തൊഴിലുടമയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ജോബ് ഓഫർ ലഭിച്ചിരിക്കണം. അവർ കാനഡയിൽ താമസിക്കുന്നവരും ബിരുദാനന്തര ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായിരിക്കണം. ഇൻവിറ്റേഷൻ ലഭിച്ചവർ 2025 ജൂൺ 20-നകം അപേക്ഷകൾ സമർപ്പിക്കണം.

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 3-ന് OINP അതിന്‍റെ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം നറുക്കെടുപ്പുകൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നറുക്കെടുപ്പ് നടക്കുന്നത്. ജൂൺ 3-ന്, OINP എംപ്ലോയർ ജോബ് ഓഫർ സ്ട്രീമുകൾക്ക് കീഴിൽ 3719 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.
