ടൊറൻ്റോ : നിക്ഷേപകര്‍ക്ക് കനത്ത നഷ്ടത്തിന് ഇടയാക്കി കാനഡയിലെ രണ്ടു പ്രധാന വിപണികളിൽ കോണ്ടോമിനിയം വില്‍പ്പന ഇടിഞ്ഞതായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോര്‍പ്പറേഷന്‍ (CMHC). ടൊറൻ്റോ, വൻകൂവർ ഭവനവിപണികളാണ് തിരിച്ചടി നേരിട്ടത്. 2022 മുതല്‍ 2025-ന്‍റെ ആദ്യ പാദം വരെ ടൊറൻ്റോയിൽ 75 ശതമാനവും വൻകൂവറിൽ 37 ശതമാനവുമാണ് കോണ്ടോ വില്‍പ്പന കുറഞ്ഞതായി CMHC റിപ്പോർട്ട് ചെയ്തു.

കുറഞ്ഞ പലിശ നിരക്കുകൾ വീടുകൾ വാങ്ങാന്‍ താത്പര്യമുള്ളവരെ ആകർഷിക്കുകയും വീടുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയും ചെയ്തതോടെ 2022 വരെ കാനഡയിലെ കോണ്ടോ വിപണി കുതിച്ചുയര്‍ന്നിരുന്നു. എന്നാൽ പലിശ നിരക്ക് ഉയർന്നതോടെ വീടുകളുടെ വില കുതിച്ചുയരുകയും നിക്ഷേപകര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. കൂടെ കാനഡ-യുഎസ് വ്യാപാരയുദ്ധം മൂലമുണ്ടായ അനിശ്ചിതത്വവും കോണ്ടോ വിപണിക്ക് തിരിച്ചടി ആയതായി റിപ്പോർട്ടിൽ പറയുന്നു. കോണ്ടോ വിപണി ഉടനെയൊന്നും പൂർവ്വസ്ഥിതിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും CMHC റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിലവിൽ ടൊറൻ്റോയിൽ നിര്‍മ്മാണത്തിന് മുമ്പുള്ള ഇന്‍വെന്‍ററി 2022-ലെ ആദ്യ പാദത്തേക്കാള്‍ 14% കൂടുതലാണ്. 2024-ല്‍ ടൊറൻ്റോയിലും വന്‍കൂവറിലും റെക്കോര്‍ഡ് എണ്ണം കോണ്ടോമിനിയം അപ്പാര്‍ട്ടുമെന്റുകള്‍ നിർമ്മിച്ചിട്ടുണ്ട്. ഇതോടെ ഇന്‍വെന്‍ററിയിലെ വര്‍ധനവും വില്‍പ്പനയിലെ ഇടിവും ടൊറൻ്റോയിലെ പുനര്‍വില്‍പ്പന വിലയില്‍ 13.4 ശതമാനവും വന്‍കൂവറില്‍ 2.7 ശതമാനവും കുറവുണ്ടാക്കി.

സാഹചര്യം മോശമായതോടെ ഇരുനഗരങ്ങളിലും നിരവധി ഭവനപദ്ധതികൾ റദ്ദാക്കിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ പദ്ധതികള്‍ റദ്ദാക്കിയത് ഭവനക്ഷാമം വഷളാക്കാനാണ് സാധ്യതയെന്നാണ് ഭവന ഏജന്‍സി മുന്നറിയിപ്പ് നൽകി. നിലവിലെ ഭവനക്ഷാമം പരിഹരിക്കാൻ 2030 ഓടെ മുപ്പത്തഞ്ച് ലക്ഷത്തിലധികളെ വീടുകൾ നിർമ്മിക്കേണ്ടി വരുമെന്ന് ഫെഡറൽ ഏജൻസി കണക്കാക്കുന്നു.