കൊച്ചി:നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ശ്രീനിവാസനെക്കുറിച്ച് സംവിധായകൻ രാഹുൽ റിജി പങ്കുവച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ശ്രീനിവാസന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ച് രാഹുൽ എഴുതിയത്. രാഹുൽ റിജി സംവിധാനം ചെയ്യുന്ന ‘കീടം’ എന്ന സിനിമയിൽ ശ്രീനിവാസനും രജീഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.