ദുബായ് : മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന് അയവ് വരുന്നതായി സൂചന. 24 മണിക്കൂറിനുള്ളിൽ ഘട്ടം ഘട്ടമായി വെടിനിർത്തൽ നടപ്പിലാക്കാൻ ഇസ്രയേലും ഇറാനും സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ യുദ്ധത്തിന് “ഔദ്യോഗിക അന്ത്യം” വരുത്തുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ഞായറാഴ്ച രാവിലെ യുഎസ് നടത്തിയ ആക്രമണത്തെ തുടർന്ന് ഇന്ന് ഇറാൻ ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചെന്ന് യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ താവളം, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ്.