ഓട്ടവ : മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കനേഡിയൻ പൗരന്മാർക്ക് സഹായമൊരുക്കി ഗ്ലോബൽ അഫയേഴ്‌സ് കാനഡ. ഇന്ന് വൈകുന്നേരം ജോർദാനിൽ നിന്നും നൂറിലധികം പേരുമായി കനേഡിയൻ ചാർട്ടേഡ് വിമാനം പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം മേഖലയിലെ അഞ്ഞൂറിലധികം കനേഡിയൻ പൗരന്മാരെ ഗ്ലോബൽ അഫയേഴ്‌സ് കാനഡ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രയേൽ-ഇറാൻ സംഘർഷം ശക്തമായതോടെ ഗ്ലോബൽ അഫയേഴ്‌സ് കാനഡ മേഖലയിൽ കോൺസുലാർ സഹായം വർധിപ്പിച്ചിരുന്നു.

മിഡിൽ ഈസ്റ്റിൽ നിന്ന് സഖ്യകക്ഷി രാജ്യങ്ങളിലെ പൗരന്മാരെ പുറത്തെത്തിക്കാൻ സഹായിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. എന്നാൽ, സഹായം അഭ്യർത്ഥിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം കനേഡിയൻ പൗരന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ “കുറവ്” ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യോമാതിർത്തി അടച്ചിരിക്കുന്നതിനാൽ, കനേഡിയൻ പൗരന്മാരെ ഇസ്രയേലിൽ നിന്ന് അയൽരാജ്യത്തേക്ക് കൊണ്ടുപോകാൻ കാനഡയ്ക്ക് ഭൂഗർഭ ഗതാഗതം ലഭ്യമാണെന്നും അവർ അറിയിച്ചു. 2012 മുതൽ ഇറാനിൽ കാനഡയ്ക്ക് നയതന്ത്ര സാന്നിധ്യമില്ലാത്തതിനാൽ തുർക്കി വഴിയാണ് കാനഡ കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുന്നത്.