ഓട്ടവ : കിഴക്കൻ കാനഡയുടെ മിക്ക ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ‘ഹീറ്റ് ഡോം’ എന്ന പ്രതിഭാസം കാരണം ഒൻ്റാരിയോ, കെബെക്ക്, നോവസ്കോഷ എന്നിവിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുക. അപകടകരമാംവിധം ചൂടും ഈർപ്പവും ഇന്നും തുടരുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ടൊറൻ്റോയിൽ താപനില 33 ഡിഗ്രി സെൽഷ്യസായി ഉയരും. മൺട്രിയോളിൽ 35-ഉം ഹാലിഫാക്സിൽ 29 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില.

അതേസമയം പടിഞ്ഞാറൻ കാനഡയിലും പ്രയറികളിലും, കാലാവസ്ഥ കൂടുതൽ സുഖകരമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വൻകൂവറിൽ 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും പകൽ താപനില. എഡ്മിന്‍റനിൽ 22-ഉം റെജൈനയിൽ 21-ഉം വിനിപെഗിൽ 26 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനിലയെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.